കൊച്ചി: ലഹരിക്കേസിൽ അറസ്‌റ്റിലായ നടൻ ഷൈൻ ടോം ചാക്കോ സ്‌റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി. 21ആം തീയതി ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകണമെന്നാണ് പോലീസ് നിർദ്ദേശം. ഹോട്ടലിൽ ബുധനാഴ്‌ച രാത്രി പോലീസും ഡാൻസാഫ് സംഘവും പരിശോധനക്കെത്തിയപ്പോൾ ഷൈൻ ഇറങ്ങിയോടിയിരുന്നു. തുടർന്ന് പോലീസ് ഷൈനിനെ ചോദ്യം ചെയ്യാൻ ഇന്ന് വിളിപ്പിക്കുകയായിരുന്നു.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിന്റെ എഫ്ഐആറിലാണ് ഷൈനിനെതിരെ പുതിയ വെളിപ്പെടുത്തലുള്ളത്. ഷൈനിന് പുറമെ മലപ്പുറം സ്വദേശിയായ അഹമ്മദ് മുർഷാദാണ് കേസിൽ രണ്ടാംപ്രതി. ഡാൻസാഫ് ടീം ഹോട്ടലിൽ എത്തിയപ്പോൾ അവിടെവെച്ച് ലഹരി ഉപയോഗിച്ചിരുന്ന ഷൈൻ ജനാല വഴി ചാടി രക്ഷപ്പെട്ടു പോയെന്നും ഇക്കാര്യം ഇന്ന് ചോദ്യം ചെയ്‌തപ്പോൾ വെളിവായെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.
ബുധനാഴ്‌ച രാത്രി ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയപ്പോൾ ഷൈനും മുർഷാദും അവിടെ ഉണ്ടായിരുന്നുവെന്നും എന്നാൽ ലഹരി വസ്‌തുക്കളൊന്നും കണ്ടെത്തിയില്ല എന്നുമായിരുന്നു ഇതുവരെയുള്ള വിവരങ്ങൾ. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗൂഢാലോചന നടത്താനാണ് ഇരുവരും മുറിയിൽ ഒത്തുകൂടിയതെന്നും തെളിവ് നശിപ്പിക്കാനാണ് ജനലിൽ കൂടി പുറത്തേക്ക് പോയതെന്നും എഫ്‌ഐആറിൽ പറയുന്നു.
സ്‌റ്റേഷൻ ജാമ്യം ലഭിക്കാവുന്ന എൻഡിപിഎസ് വകുപ്പ് 27 (ലഹരി ഉപയോഗം), 29(1) (ഗൂഢാലോചന). ബിഎൻഎഡിലെ വകുപ്പ് 238 (തെളിവ് നശിപ്പിക്കൽ), കുറ്റങ്ങളാണ് ഷൈനിനെതിരെ ചുമത്തിയത്. അതിനാൽ എറണാകുളം നോർത്ത് സ്‌റ്റേഷനിൽ നിന്നുതന്നെ ഷൈനിന് ജാമ്യം ലഭിച്ചു. ശേഷം അഭിഭാഷകന്റെ കാറിൽ തന്നെയാണ് ഷൈൻ മടങ്ങിയത്.
കുറ്റം തെളിഞ്ഞാൽ ഷൈനിന് ഒരുവർഷം വരെ തടവുശിക്ഷ ലഭിക്കാം. കഞ്ചാവും മെത്താംഫിറ്റമിനും ഉപയോഗിക്കുമെന്ന് ഷൈൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് സിനിമയിലെ അസിസ്‌റ്റന്റുമാരാണെന്നും ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്‌റ്റിലായ തസ്‌ലീമയെ അറിയാമെന്നും ഷൈൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഡാൻസാഫ് സംഘം ഹോട്ടലിൽ അന്വേഷിച്ചെത്തിയ ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നും ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. ഷൈനിന്റെ ഫോണിൽ നിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്. ഷൈനിനെതിരെയുള്ള കേസ് മലയാള സിനിമാ മേഖലയിലേക്ക് കൂടുതൽ അന്വേഷണങ്ങളിലേക്ക് വഴിതുറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഷൈനിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് തുടർനീക്കങ്ങളിലേക്ക് കടക്കും.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ