ആലപ്പുഴ: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയിൽ നിന്നും തനിക്ക് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്‌ഥാനത്തിലാണ് ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എക്‌സൈസ് വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും ചികിൽസ.
ഇതോടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഷൈനിനെ തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഷൈൻ ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ലഹരി വിമുക്‌തിക്കായി എറണാകുളത്തെ ഡി അഡിക്ഷൻ സെന്ററിൽ ചികിൽസയിലാണെന്നുമാണ് ഷൈനിന്റെ മൊഴി.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ വ്യക്‌തമാക്കിയിരുന്നു. അതേസമയം, മോഡൽ സൗമ്യയുടെയും നടൻ ശ്രീനാഥ് ഭാസിയുടെയും മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. പത്തര മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടത്. ഹൈബ്രിഡ് കഞ്ചാവ് ഇടപാടിൽ ഒരു ബന്ധവുമില്ലെന്നാണ് മൂവരുടെയും മൊഴി.
ചികിൽസാ രേഖകളുമായി ഷൈൻ ടോം ചാക്കോയുടെ മാതാപിതാക്കൾ ആലപ്പുഴ എക്‌സൈസ് ഓഫീസിൽ എത്തിയിരുന്നു. ഡി അഡിക്ഷൻ സെന്ററിലെ ചികിൽസാ രേഖയാണ് ഹാജരാക്കിയത്. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ ആലപ്പുഴ എക്‌സൈസ് കമ്മീഷണർ ഓഫീസിലെത്തിയത്. ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെയും എക്‌സൈസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.
Most Read| ഇന്ത്യാവിരുദ്ധ ഉള്ളടക്കം; പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്ക്