കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകി ഷൈൻ ടോം ചാക്കോയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
താമസിച്ചിരുന്ന ഹോട്ടലിൽ ഡാൻസാഫ് സംഘമെത്തിയപ്പോൾ എന്തിനാണ് നടൻ പിൻവശത്തെ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്നാണ് പോലീസിന് അറിയേണ്ടത്. ബുധനാഴ്‌ച രാത്രി ലഹരി വിൽപ്പനയുമായി ബന്ധമുള്ള ഒരാൾ ഹോട്ടലിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഇയാളെ തിരഞ്ഞാണ് എറണാകുളം നോർത്തിലുള്ള ഹോട്ടലിൽ പോലീസ് എത്തിയത്.
എന്നാൽ, അന്വേഷിച്ച് വന്നയാൾ ഹോട്ടലിൽ ഉണ്ടായിരുന്നില്ല. തുടർന്ന് രജിസ്‌റ്റർ പരിശോധിച്ചപ്പോഴാണ് നടൻ അവിടെയുള്ള വിവരം ഡാൻസാഫ് സംഘം അറിയുന്നതും കാണാനായി മുറിയിലെത്തുന്നതും. എന്നാൽ, കൂടെയുണ്ടായിരുന്ന മേക്കപ്പ്മാൻ വാതിൽ തുറക്കുന്ന സമയത്ത് ഷൈൻ പിന്നിലെ ജനാലയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ഡാൻസാഫ് സംഘം മേക്കപ്പ്മാനെയും മുറിയും പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല. എങ്കിലും എന്തിനാണ് നടൻ ഓടിരക്ഷപ്പെട്ടത് എന്നറിയാനാണ് പോലീസ് ശ്രമിക്കുന്നത്. ലഹരി വസ്‌തുക്കളുടെ ഉപയോഗമോ ലഹരി വസ്‌തുക്കളോ കണ്ടെത്താത്ത സാഹചര്യത്തിൽ കേസെടുക്കാനുള്ള വകുപ്പുകൾ ഇല്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
Most Read| വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി