കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പോലീസ്. രണ്ടാംഘട്ട മൊഴിയെടുപ്പ് കൂടിയാലോചനകൾക്ക് ശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേരും.
ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. ആദ്യഘട്ട ചോദ്യം ചെയ്യലിൽ നടനിൽ നിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ വിശദ പരിശോധനയ്‌ക്കും ബാങ്ക് രേഖകളുടെ പരിശോധനയ്‌ക്കും ഫോണിൽ നിന്നുള്ള വിവരങ്ങളുടെ സമഗ്ര പരിശോധനയ്‌ക്കും കൂടുതൽ സമയം ആവശ്യമായതിനാലാണ് നാളെ നടത്താനിരുന്ന രണ്ടാംഘട്ട ചോദ്യം ചെയ്യൽ മാറ്റിവെക്കാൻ തീരുമാനിച്ചത്.
ഷൈനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളവരുടെയും ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പോലീസിന് കൂടുതൽ സമയം ആവശ്യമാണ്. അവധിയിലായിരുന്ന സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ തിരികെ ജോലിയിൽ പ്രവേശിച്ചതിനാൽ, കേസിൽ ഇതുവരെ ലഭ്യമായ വിവരങ്ങളും തെളിവുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ച് ചർച്ച ചെയ്‌ത ശേഷമായിരിക്കും തുടർനടപടികൾ.
നേരത്തെ, 21 അല്ലെങ്കിൽ 22ന് രണ്ടാംഘട്ട തെളിവെടുപ്പിന് ഹാജരാകണമെന്നാണ് ഷൈനിന് പോലീസ് നൽകിയിരുന്ന നിർദ്ദേശം. ഇതിൽ 21 തിരഞ്ഞെടുത്തത് ഷൈൻ തന്നെയാണ്. ഹോട്ടലിൽ ബുധനാഴ്‌ച രാത്രി പോലീസും ഡാൻസാഫ് സംഘവും പരിശോധനക്കെത്തിയപ്പോൾ ഷൈൻ ഇറങ്ങിയോടിയിരുന്നു. തുടർന്ന് പോലീസ് ഷൈനിനെ ചോദ്യം ചെയ്യാൻ ഇന്നലെ വിളിപ്പിക്കുകയായിരുന്നു.
പിന്നാലെ അറസ്‌റ്റ് രേഖപ്പെടുത്തിയ ഷൈനിനെ സ്‌റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ഷൈനിന് പുറമെ മലപ്പുറം സ്വദേശിയായ അഹമ്മദ് മുർഷാദാണ് കേസിൽ രണ്ടാംപ്രതി. ഡാൻസാഫ് ടീം ഹോട്ടലിൽ എത്തിയപ്പോൾ അവിടെവെച്ച് ലഹരി ഉപയോഗിച്ചിരുന്ന ഷൈൻ ജനാല വഴി ചാടി രക്ഷപ്പെട്ടു പോയെന്നും ഇക്കാര്യം ചോദ്യം ചെയ്‌തപ്പോൾ വെളിവായെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’