തിരുവനന്തപുരം: അറബിക്കടലിൽ ചെരിഞ്ഞ ചരക്കുക്കപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്‌നറുകൾ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ വർക്കല, അഞ്ചുതെങ്ങ്, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെയോടെയാണ് കണ്ടെയ്‌നറുകൾ അടിഞ്ഞത്.
അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി എന്നീ തീരങ്ങളിൽ കണ്ടെയ്‌നറിനുള്ളിലെ പാഴ്‌സലുകൾ ഒഴുകി നടക്കുന്നതായി കോസ്‌റ്റൽ പോലീസ് അറിയിച്ചു. വർക്കല മാന്തറ ക്ഷേത്രത്തിന് സമീപമാണ് കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞത്. ഇവ പലതും തകർന്ന വിലയിലാണ്. ചാക്കുകെട്ടുകൾ ചിതറി കിടക്കുകയാണ്.
കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്‌നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്യാൻ ആരംഭിച്ചു. ക്രെയിൻ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം തുറമുഖത്തേക്ക് മാറ്റാനാണ് നീക്കം. ഇന്നലെ രാത്രി വരെ 34 കണ്ടെയ്‌നറുകളാണ് തീരത്ത് അടിഞ്ഞത്.
കൂടുതൽ കണ്ടെയ്‌നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. കൊല്ലം തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്‌നർ മൽസ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ തുറമുഖത്ത് എത്തിച്ചിരുന്നു.
250 ടണ്ണോളം കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്‌നറുകൾ മുങ്ങിയ കപ്പലിൽ ഉണ്ടെന്നും ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. മുങ്ങിത്താഴും മുൻപ് കപ്പലിൽ നിന്ന് കടലിലേക്ക് തെറിച്ചുവീണ നൂറിലധികം കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നതായി കോസ്‌റ്റ്ഗാർഡ് നടത്തിയ ഏരിയൽ പരിശോധനയിൽ വ്യക്‌തമായി.
ഇന്ധനചോർച്ചയെ തുടർന്ന് കടലയിൽ വ്യാപിച്ച എണ്ണപ്പാട നീക്കം ചെയ്യാൻ മാർക്കന്റൈൽ ഡിപ്പാർട്ട്മെന്റ് കപ്പൽ കമ്പനിയായ എംഎസ്‌സി എൽസ 3ന് നിർദ്ദേശം നൽകിയിട്ടുണ്ട്. 600ലേറെ കണ്ടെയ്‌നറുകളുമായി വിഴഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ശനിയാഴ്‌ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന കപ്പൽ ഞായറാഴ്‌ച പൂർണമായി കടലിൽ മുങ്ങിയിരുന്നു.
സംസ്‌ഥാനത്തിന്റെ തെക്കൻ തീരത്ത് വൻ പാരിസ്‌ഥിതിക ഭീതി ഉയർത്തി ആലപ്പുഴ സ്‌പിൽവേയിൽ നിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ 25 കണ്ടെയ്‌നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പടെയുള്ള ഹാനികരമായ രാസവസ്‌തുക്കളും കപ്പലിൽ നിന്നുണ്ടായ ഇന്ധന ചോർച്ചയുമാണ് കടലിനും തീരത്തിനും ഭീഷണി ഉയർത്തുന്നത്.
കാൽസ്യം കാർബൈഡ് ജലവുമായി പ്രതിപ്രവർത്തിച്ച് പെട്ടെന്ന് തീ പിടിക്കുന്ന അസറ്റലിൽ വാതകം സൃഷ്‌ടിക്കുമെന്നതിനാൽ ആരും കണ്ടെയ്‌നറുകൾക്ക് സമീപം പോവുകയോ ഒഴുകി നടക്കുന്ന വസ്‌തുക്കൾ തൊടുകയോ ചെയ്യരുതെന്ന് ശക്‌തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടെയ്‌നറുകളെ നിരീക്ഷിക്കാൻ കസ്‌റ്റംസ് മറൈൻ പ്രിവന്റീവ് യൂണിറ്റുകളിലെ ഉദ്യോഗസ്‌ഥരെ കേരള തീരത്ത് വിന്യസിച്ചു. ഫോൺ: 0484-266422.
Most Read| ‘എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമശാലയല്ല’








































