കോഴിക്കോട്: നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടമയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. നാല് ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30ഓടെ കോഴിക്കോട് തളി ക്ഷേത്രത്തിനടുത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കുകളിലെത്തിയ സംഘം നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടെ ഉടമയായ ബംഗാൾ സ്വദേശി റംസാൻ അലിയെ ആക്രമിച്ച ശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നു.
റംസാൻ അലിയിൽ നിന്ന് 1.2 കിലോഗ്രാം സ്വർണമാണ് കവർന്നത്. നഗരത്തിലെ ഒരു ജ്വല്ലറിക്ക് വേണ്ടി തയ്യാറാക്കിയ സ്വർണക്കട്ടികളാണ് സംഘം കവർന്നത്. പ്രതികൾ ഒളിവിലാണ്. കോഴിക്കോട് ടൗൺ അസി. കമ്മീഷണർ പി ബിജുരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
Read Also: വന്യജീവികളെ തുരത്താൻ ഒഡിഷ മോഡൽ പ്രതിരോധം; വയനാട്ടിൽ തുടങ്ങി



































