കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന, മരിച്ച സിദ്ധാർഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിധിച്ച നഷ്‌ടപരിഹാരത്തുക കെട്ടിവെച്ചെന്ന് സംസ്‌ഥാന സർക്കാർ. ഈ മാസം നാലിന് ഏഴുലക്ഷം രൂപ ഹൈക്കോടതിയിൽ കെട്ടി വെച്ചെന്നാണ് ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ, ജസ്‌റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചിനെ സർക്കാർ അറിയിച്ചത്.
സംസ്‌ഥാന സർക്കാരിന്റെ ഹരജിയിൽ പരാതിക്കാരൻ സന്ദീപ് വാചസ്‌പതിക്കും സിദ്ധാർഥന്റെ കുടുംബത്തിനും കോടതി നോട്ടീസയച്ചു. എതിർകക്ഷികൾ നാലാഴ്‌ചയ്‌ക്കകം ഹരജിക്ക് മറുപടി നൽകണം. സർക്കാർ നഷ്‌ടപരിഹാരത്തുക നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
പത്ത് ദിവസത്തിനുള്ളിൽ തുക ഹൈക്കോടതിയിൽ കെട്ടിവയ്‌ക്കാനാണ് ജൂലൈ ഒന്നിന് കോടതി സർക്കാരിന് നൽകിയ നിർദ്ദേശം. സിദ്ധാർഥന്റെ കുടുംബത്തിന് ഏഴുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് 2024 ഒക്‌ടോബർ ഒന്നിനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. തുടർന്ന് ജൂലൈ പത്തിന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഇതോടെയാണ് കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ എത്തിയത്.
2024 ഫെബ്രുവരി 18നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ച് സിദ്ധാർഥന്റെ മരണവാർത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നീട് വഴിമാറിയത് റാഗിങ് എന്ന കൊടും ക്രൂരതയിലേക്കായിരുന്നു. മൂന്നുദിവസം നീണ്ട ക്രൂര പീഡനത്തിനൊടുവിലാണ് പൂക്കോട് വെറ്ററിനറി സർവകശാലയിലെ ഹോസ്‌റ്റലിൽ രണ്ടാംവർഷ വിദ്യാർഥി നെടുമങ്ങാട് കുറക്കോട്ടെ സിദ്ധാർഥൻ തൂങ്ങിമരിച്ചത്. 18 പേർ കേസിൽ അറസ്‌റ്റിലായിരുന്നു.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്