കൊച്ചി: ചോറ്റാനിക്കരയിൽ പ്ളസ് വൺ വിദ്യാർഥിനി ആദിത്യയെ (16) വീടിനടുത്തുള്ള പറക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുക. സൈബർ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
അന്വേഷണം മന്ദഗതിയിലാണെന്ന വിമർശനത്തിനിടെയാണ് നടപടി. ചോറ്റാനിക്കര പോലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. തന്റെ കൊറിയൻ സുഹൃത്ത് മരിച്ചതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയത് എന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ്.
എന്നാൽ, പെൺകുട്ടിയുടെ മൊബൈൽ ഫോൺ തുറന്നു പരിശോധിച്ചെങ്കിലും കൊറിയൻ സുഹൃത്തിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തിൽ മറ്റെന്തോ ദുരൂഹത ഉണ്ടെന്നാണ് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകർ ആരോപിക്കുന്നത്.
ജനുവരി 27നായിരുന്നു ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്ര ദിവസമായിട്ടും പോലീസിൽ നിന്നും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കോടതിയെ സമീപിച്ച് പെൺകുട്ടിയുടെ ഫോൺ പരിശോധിക്കുന്ന കാര്യം ആവശ്യപ്പെടുമെന്ന് മാദ്ധ്യമങ്ങളിലൂടെ പറഞ്ഞതിന് പിന്നാലെ, പുത്തൻകുരിശ് ഡിവൈഎസ്പി ബന്ധപ്പെട്ടിരുന്നുവെന്നും രണ്ടുദിവസത്തിനകം വിവരം പറയാമെന്ന് അറിയിച്ചിരുന്നു എന്നുമാണ് പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന പോലെ ഒരു കൊറിയൻ സുഹൃത്ത് ഉണ്ടോയെന്നതിലും പിതാവ് സംശയം പ്രകടിപ്പിച്ചു. പെൺകുട്ടിയുടെ സുഹൃത്തുക്കളിൽ ആരോ ഐഡി ഉണ്ടാക്കി പറ്റിച്ചതാകാനാണ് സാധ്യതയെന്നാണ് പിതാണ് സംശയിക്കുന്നത്. അല്ലെങ്കിൽ കൊറിയൻ സുഹൃത്ത് മരിച്ചുപോയി എന്ന് പെൺകുട്ടി എങ്ങനെ അറിഞ്ഞുവെന്നും അപ്പോൾ അവർക്കിടയിൽ ആരോ ഇല്ലേ എന്ന സംശയവും പിതാവ് പങ്കുവെച്ചു.
ഇതേ കാര്യങ്ങൾ തന്നെയാണ് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകരും പറയുന്നത്. കുട്ടി ഫോളോ ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൊറിയൻ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല. ആകെ 16 ഫോളോവേഴ്സ് മാത്രമാണ് ഉള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാലെ അത് കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞു കുട്ടിക്ക് ലഭിച്ച സമ്മാനം നാട്ടിൽ കിട്ടുന്ന കുറഞ്ഞ വിലയുടെ വാച്ചായിരുന്നു. ഇതിലൊന്നും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് അധ്യാപകർ ആരോപിക്കുന്നത്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക



































