പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാർ സിനിമാ നടിയുടേതെന്ന് സ്ഥിരീകരണം. കാർ നൽകിയ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടിയതായാണ് വിവരം. അന്വേഷണ സംഘം നടിയുമായി ഫോണിൽ സംസാരിച്ചാണ്, രാഹുലിന് കാർ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി പോലീസിനോട് പറഞ്ഞത്. നടി ഇപ്പോൾ ബെംഗളൂരുവിലാണ്. രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് രാഹുലിന്റെ ഭവന നിർമാണ പദ്ധതി ഉൽഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ എന്നാണ് പോലീസ് കണ്ടെത്തൽ.
പാലക്കാട് നിന്നും രാഹുൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ചുവന്ന കാർ പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിലാണ് ഉണ്ടായിരുന്നതെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. രക്ഷപ്പെടാൻ ഈ നേതാവ് സഹായം ചെയ്തോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകിട്ടോടെ പാലക്കാട് നിന്ന് ചുവന്ന പോളോ കാറിൽ രാഹുൽ നേരെ പോയത് പൊള്ളാച്ചിയിലേക്കാണെന്ന് ഇന്നലെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിനുശേഷം ഹൈവേ ഒഴിവാക്കി ജില്ലാ അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് കടന്നത്. കോയമ്പത്തൂരിൽ നിന്നാണ് കർണാടക-തമിഴ്നാട് അതിർത്തിയായ ബാഗല്ലൂരിൽ എത്തിയത്. ഞായറാഴ്ച മുതൽ ഇവിടെ റിസോർട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു.
ഇന്നലെ രാവിലെ അന്വേഷണ സംഘം ഇവിടെ എത്തുമെന്ന വിവരം അറിഞ്ഞതോടെ അവിടെ നിന്ന് മുങ്ങി. കർണാടകയിലേക്കാണ് പോയതെന്നാണ് വിവരം. കാറുകൾ മാറി മാറി ഉപയോഗിച്ചാണ് രാഹുലിന്റെ യാത്രയെന്നാണ് പോലീസ് സംശയിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നാണ് വിവരം. ഏഴാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായകമാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വാദം അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുലിന്റെ വാദം.
അതിനിടെ, രാഹുലിനെതിരെ വീണ്ടും പീഡനപരാതി ഉയർന്നിട്ടുണ്ട്. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് ഇ-മെയിലിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിനും പരാതി അയച്ചത്. താൻ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയിൽ പറയുന്നു.
Most Read| കേരളത്തിൽ എസ്ഐആർ തുടരാം; കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് നിർദ്ദേശം






































