തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരാകാത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്ന ശിവശങ്കര്‍, ഇപ്പോള്‍ ഇഡി അടിയന്തിരമായി ഹാജരാകണമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ അടിയന്തിരമായി ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നില്‍ അറസ്‌റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഒപ്പം തന്നെ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.
2016 മുതല്‍ ശിവശങ്കര്‍ നടത്തിയ വിദേശ യാത്രകളുടെ രേഖകള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. സ്വപ്‍നയും ശിവശങ്കറും ഒരുമിച്ചു രണ്ട് തവണ വിദേശ യാത്ര നടത്തിയതായി തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടത്. ഇന്ന് രേഖകള്‍ ഇഡിക്ക് മുന്നില്‍ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രേഖകളും ഇതുവരെ ഹാജരാക്കിയിട്ടില്ല.
Read also : ഹത്രസ് കേസ്; അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം, യുപി സർക്കാർ സുപ്രീം കോടതിയിൽ