അൻവറിന്റെ വാക്കുകളെ ശരിവയ്ക്കുന്ന പ്രതികരണങ്ങളുമായി സോഷ്യൽമീഡിയ ലോകം. ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണ യുഡിഎഫിന് കുറയുന്നു. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഒരു സ്ഥാനാർഥിയെ നിർത്താനുള്ള അവസരമായിരുന്നു ഇത്. ജോയ് പിന്തള്ളപ്പെട്ടത് മലയോര കർഷകനായതുകൊണ്ടാണ്. ജോയിയെ ഒഴിവാക്കിയതിലൂടെ തഴയപ്പെട്ടത് മലയോര മേഖലയാകെയാണെന്നും അൻവർ ഇന്നലെ പ്രതികരിച്ചിരുന്നു. അൻവറിന്റെ ഈ വരികളെ ശരിവയ്ക്കുന്ന പ്രതികരണങ്ങളാണ് സാമൂഹിക മാദ്ധ്യമ ലോകത്ത് കാണാൻ കഴിയുന്നത്.
നിലമ്പൂരിൽ ജനവികാരം ആര്യാടൻ ഷൗക്കത്തിന് എതിരാണെന്നും ഷൗക്കത്തിനെപ്പറ്റി നിലമ്പൂരിലെ ജനങ്ങളുടെ അഭിപ്രായം തനിക്കറിയാമെന്നും ഇടത് സ്ഥാനാർഥിയാകാൻ രണ്ട് മാസം മുമ്പ് വരെ ശ്രമിച്ചയാളാണ് ആര്യാടൻ ഷൗക്കത്തെന്നും പിവി അൻവർ അഭിപ്രായപ്പെട്ടിരുന്നു.
കോൺഗ്രസ് തീരുമാനിച്ചത് വിജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയെയാണ്. ആര്യാടൻ ഷൗക്കത്തിന് പിണറായിസത്തെ തോൽപ്പിക്കാനാകില്ല. സിപിഐഎമ്മുമായി നല്ല സൗഹൃദത്തിൽ പോകുന്നയാളാണ് ആര്യാടൻ ഷൗക്കത്ത്. ദേശാഭിമാനി വേദിയിൽ പോകുന്ന വലതുപക്ഷത്തെ ഇടതുപക്ഷവാദിയാണ് ആര്യാടൻ ഷൗക്കത്ത്. സിപിഐഎമ്മിനെ വിമർശിക്കുന്ന ഒരു പ്രസ്താവന ഷൗക്കത്ത് ഈയടുത്തൊന്നും നടത്തിയിട്ടില്ലെന്നും പിവി അൻവർ പറഞ്ഞിരുന്നു.
അതേസമയം, മതേതര ജനാധിപത്യ പാർട്ടിയെന്ന വിശേഷണം മുന്നോട്ടു വെയ്ക്കുന്ന കോൺഗ്രസ് ദേശീയ തലത്തിലെയും കേരളത്തിലെയും സവിശേഷ സാഹചര്യം പരിഗണിച്ച് മലപ്പുറത്തിന്റെ മണ്ണിൽ നിന്ന് വിഎസ് ജോയിയെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ അത് നൽകുന്ന സന്ദേശം വലുതാകുമായിരുന്നു എന്നും, നിലമ്പൂരിലെ മതേതര-ജനാധിപത്യ സമൂഹം അത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു എന്ന അഭിപ്രായങ്ങളും പലരും പങ്കുവെയ്ക്കുന്നുണ്ട്.

കേരളത്തിലെ കോൺഗ്രസിൽ നിന്ന് അടർന്നു പോകുന്ന ക്രിസ്ത്യൻ സമൂഹത്തെ കൂടെനിർത്താനും ബിജെപിക്ക് കേരളത്തിൽ ശക്തമായ മറുപടിയാകാനും വിഎസ് ജോയിയുടെ സ്ഥാനാർഥിത്വം കാരണമാകുമായിരുന്നെന്നും ഇത് ദേശീയ തലത്തിൽ പോലും കോൺഗ്രസിന് ഊർജം പകരുമായിരുന്നെന്നും അഭിപ്രായപ്പെടുന്നവരും കോൺഗ്രസിൽ തന്നെയുണ്ട്.
എല്‍ഡിഎഫ് മുന്നണിയുമായി തെറ്റിപിരിഞ്ഞാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. ആര്യാടന് മുഹമ്മദിലൂടെ യുഡിഎഫ് കൈവശം വെച്ചിരുന്ന സീറ്റിലാണ് സിപിഎം പിന്തുണയില്‍ അന്‍വര്‍ രണ്ടുവട്ടവും ജയിച്ച് കയറിയത്. തുടര്‍ന്ന് 9 വര്‍ഷം മണ്ഡലം എല്‍ഡിഎഫിന് ഒപ്പമായിരുന്നു. അതുകൊണ്ട് തന്നെ, അൻവറല്ല രണ്ടു വിജയങ്ങളുടെയും കാരണമെന്ന് തെളിയിക്കാനും അൻവറിന്റെ വെല്ലുവിളിക്ക് മുന്നിൽ മുട്ട് മടക്കാതിരിക്കാനും ഇടതിന്, വിശേഷിച്ച് പിണറായി വിജയന് നിലമ്പൂരിൽ വിജയം അനിവാര്യമാണ്.
നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്ത് അഞ്ചിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിലെ കാദി (എസ് സി), വിസാവദര്‍, പഞ്ചാബിലെ ലുധിയാന, വെസ്റ്റ് ബംഗാളിലെ കാളിഗഞ്ച്, കേരളത്തില്‍ നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. അതേസമയം, കോൺഗ്രസിൽ തനിക്ക് ഗോഡ്ഫാദർമാർ ഇല്ലാത്തതുകൊണ്ടാണ് സ്ഥാനാർഥിയാക്കാത്തതെന്ന പിവി അൻവറിന്റെ പ്രസ്താവന വിഎസ് ജോയ് പരസ്യമായി നിഷേധിച്ചു.
കോൺഗ്രസിൽ തനിക്ക് ഒരുപാട് ഗോഡ്ഫാദർമാർ ഉണ്ടെന്നും ഗോഡ്ഫാദർ ഇല്ലാത്തത് കൊണ്ട് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന പാർട്ടി അല്ല കോൺഗ്രസെന്നുമാണ് ജോയിയുടെ പ്രതികരണം. മലയോര കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും യുഡിഎഫ് ഉയർത്തുന്ന ഉപതിരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യം ഇതാണെന്നും ആര്യാടൻ ഷൗക്കത്ത് പത്തരമാറ്റ് സ്ഥാനാർഥിയാണെന്നും വിഎസ് ജോയ് ഇന്നലെ പ്രതികരിച്ചു.

1987 മുതൽ 2016 വരെ നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നാലുമക്കളിൽ രണ്ടാമത്തെയാളാണ് ആര്യാടൻ ഷൗക്കത്ത്. 2016ൽ ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ചാണ് പിവി അൻവർ നിയമസഭയിലെത്തിയത്.
രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലും കഴിവ് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ് ആര്യാടന് ഷൗക്കത്ത്. പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന് സ്കൂളിൽ കെഎസ്യുവിന്റെ സ്കൂള്‍ ലീഡറായാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്.
പിന്നീട്, കെഎസ്യു നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയ വേദി മലപ്പുറം ജില്ലാ പ്രസിഡണ്ട്, കെപിസിസി അംഗം, നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, നിലമ്പൂര്‍ നഗരസഭ ചെയര്മാൻ, രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
Most Read| പായ്വഞ്ചിയിൽ 40,000 കിലോമീറ്റർ, സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും






































