ജയ്പൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് ബിജെപി ഘടക കക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ കണ്‍വീനറും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന് ബെനിവാള്‍ മൂന്ന് പാര്‍ലമെന്റ് കമ്മിറ്റികളില്‍ നിന്ന് രാജിവച്ചു. ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് അദ്ദേഹം രാജി സമര്‍പ്പിച്ചു.
താന്‍ അംഗമായ പാര്‍ലമെന്റിലെ കമ്മിറ്റികളുമായി വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പാര്‍ലമെന്റില്‍ ഞാന്‍ അംഗമായിരുന്ന കമ്മിറ്റികളുമായി ജനത്തെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രശ്നങ്ങളില്‍ നടപടിയെടുക്കാത്തതില്‍ ഖേദമുണ്ട്. നടപടിയെടുക്കാത്ത കമ്മിറ്റികള്‍ക്ക് പാര്‍ലമെന്ററി സംവിധാനത്തില്‍ ന്യായീകരണമില്ല’, ബെനിവാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ കേള്‍ക്കാത്തതിനാലും കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നതിനാലും കമ്മിറ്റികളില്‍ നിന്ന് രാജിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായം, പെട്രോളിയം, പ്രകൃതിവാതകം എന്നിങ്ങനെയുള്ള പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു ബെനിവാള്‍.
കേന്ദ്രം നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കര്‍ഷകരെ സംബന്ധിച്ചുള്ള സ്വാമിനാഥന് കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു.
Read Also: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ്; എഐഎഡിഎംകെയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി








































