കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ ആൺസുഹൃത്തായ റമീസ് അറസ്‌റ്റിൽ. ഇന്ന് ഉച്ചയോടെയാണ് റമീസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ആത്‍മഹത്യാ പ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് രമീസിനെതിരെ ചുമത്തിയത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസിൽ പ്രതിചേർത്തേക്കും.
സോനയുടെ മരണത്തിൽ റമീസിനെതിരെ വ്യക്‌തമായ തെളിവുകൾ ലഭിച്ചതിനാലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. സോനയെ റമീസ് മർദ്ദിച്ചതിന് തെളിവുകൾ പോലീസ് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റിൽ നിന്നാണ് ഈ തെളിവുകൾ ലഭിച്ചത്. ആത്‍മഹത്യ ചെയ്യുമെന്ന് സോന പറഞ്ഞപ്പോൾ, ചെയ്‌തോളാൻ റമീസ് പറഞ്ഞതിന്റെ തെളിവുകളും ചാറ്റുകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ശനിയാഴ്‌ചയാണ് മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മലിൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തുപോയ അമ്മ ബിന്ദു ശനിയാഴ്‌ച ഉച്ചയ്‌ക്ക് മൂന്നുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് സോനയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സോനയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
”ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ സാധിക്കുന്നില്ല. ഇമ്മോറൽ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ, അവൻ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്‌റ്റർ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം നടത്താമെന്ന് അവൻ പറയിച്ചു.
റമീസ് ചെയ്‌ത തെറ്റുകൾ അവന്റെ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ എനിക്ക് അവരോട് അകൽച്ചയുണ്ടാക്കി. ഒടുവിൽ മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോര, തന്റെ വീട്ടിൽ നിൽക്കണമെന്നും കർശനമായി പറഞ്ഞു.
എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി. വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ സാധിക്കുന്നില്ല. അപ്പന്റെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്‌തികൾ ചേർന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഞാൻ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാൻ അപ്പന്റെ അടുത്തേക് പോകുവാ”- സോനയുടെ ആത്‍മഹത്യാ കുറിപ്പ് ഇങ്ങനെയാണ്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി






































