ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ‘കുറിപ്പി’ലെ പുതിയ ഗാനമെത്തി. ദുൽഖർ ആലപിച്ച ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സുഷിൻ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ നേഹ നായർ ആലപിച്ച ‘പകലിരവുകൾ’ എന്ന് തുടങ്ങുന്ന ഗാനവും അണിയറക്കാർ പുറത്തുവിട്ടിരുന്നു.
പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രം നവംബർ 12നാണ് റിലീസ് ചെയ്യുന്നത്. റെക്കോർഡ് സ്‌ക്രീനുകളുമായാണ് ‘കുറുപ്പ്’ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം നാനൂറിലേറെ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്‌ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്‌റ്റാര്‍ എന്റര്‍ടെയ്ന്‍മെൻസും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചിലവ്.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ‘കുറുപ്പ്’ പ്രേക്ഷകരിലേക്കെത്തുക.
Most Read: ഇനി മാതളനാരങ്ങയുടെ തൊലിയും കളയണ്ട; ഏറെയുണ്ട് ഗുണങ്ങൾ







































