കൊച്ചി: ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണമെന്ന് സ്‌പീക്കർ എഎൻ ഷംസീർ. കുട്ടികൾ സ്വയം പര്യാപ്‌തരാകണം. അതിനുവേണ്ട വിധത്തിൽ വിദ്യാഭ്യാസ രീതികൾ മാറണം. എട്ടുമണിമുതൽ രണ്ടുവരെ മതി പഠനം. ബാക്കിയുള്ള സമയം കുട്ടികളെ തൊഴിൽ ചെയ്യാൻ പ്രേരിപ്പിക്കണം. നിങ്ങൾ ജോലി ചെയ്‌തുണ്ടാക്കുന്ന പണംകൊണ്ട് വിദ്യാഭ്യാസം നേടുന്ന രീതി വരണം. അതിന് ജെയിൻ യൂണിവേഴിസിറ്റി ഒരു മാതൃകയാകണമെന്നും സ്‌പീക്കർ പറഞ്ഞു.
ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്‌പീക്കർ. ”വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കാൻ പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. കുട്ടികൾ ഭാവിയുടെ പൗരൻമാരാണ്. വിദ്യാർഥികൾ ജീവിതത്തിൽ റിസ്‌ക് എടുക്കാൻ ധൈര്യം കാണിക്കണം. സർക്കാർ ജോലികൾ സ്വപ്‌നം കാണുന്നതിന് പകരം ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ചും കമ്പനികൾ തുടങ്ങുന്നതിനെക്കുറിച്ചും ചിന്തിക്കണം”- സ്‌പീക്കർ പറഞ്ഞു.
”കേരളത്തിലെ ശരാശരി വിദ്യാർഥികളുടെ ലക്ഷ്യം സർക്കാർ ജോലിയാണ്. ഈ ചിന്താഗതി മാറണം. നിങ്ങൾ കമ്പനി തുടങ്ങണം, ബിസിനസ് തുടങ്ങണം. റിസ്‌ക് എടുത്തവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ എന്ന് നിങ്ങൾ മനസിലാക്കണം”- വിദ്യാർഥികളോട് സ്‌പീക്കർ വിശദമാക്കി.
”ഒരു രാഷ്‌ട്രീയക്കാരനെന്ന നിലയിൽ ഞങ്ങൾ റിസ്‌ക് എടുത്തു. ഞങ്ങൾ അതിൽ തന്നെ തുടർന്നു. രാഷ്‌ട്രീയക്കാരന്റെ ജീവിതം വളരെ റിസ്‌ക് പിടിച്ചതാണ്. 2025 ആയി, അടുത്ത തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. മൽസരിക്കണം, ജയിക്കണം. എല്ലാം വലിയ റിസ്‌ക് ആണ്. ഇനി സീറ്റ് കിട്ടുമോ? അഥവാ കിട്ടിയാൽ ജയിക്കുമോ? എന്നാണ് എന്നെപ്പോലുള്ള രാഷ്‌ട്രീയക്കാരുടെ ചിന്ത. കേരളത്തിൽ രാഷ്‌ട്രീയ കോട്ടകളില്ല. അതുകൊണ്ടാണ് റിസ്‌ക് എന്ന് പറഞ്ഞത്”- ഷംസീർ കൂട്ടിച്ചേർത്തു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി







































