തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌ത്രീധന പീഡനം, സ്‌ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പോലീസ് ശക്‌തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പോലീസ് കെട്ടിടങ്ങളുടെ ഉൽഘാടനവും ശിലാസ്‌ഥാപനവും ഓണ്‍ലൈനായി നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുകൾ അനന്തമായി നീളുന്നത് തടയുന്നതിനാണ് പുതിയ തീരുമാനം. എല്ലാ തദ്ദേശസ്‌ഥാപനങ്ങളിലും വാര്‍ഡ് തലത്തിലുള്ള സംവിധാനങ്ങളും ബോധവൽക്കരണ സംവിധാനങ്ങളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നല്ലൊരു ഭാഗം ജീവിതം ബാക്കി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ആത്‍മഹത്യ ചെയ്യുന്ന നിലയാണ് കാണുന്നത്. ഇത്തരത്തില്‍ മാറേണ്ട നാടല്ല കേരളം. സ്‌ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ ബന്ധപ്പെടാനുള്ള നമ്പർ ഇതിനകം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ തന്നെ പ്രത്യേക ചുമതല നല്‍കി നിയോഗിച്ചിട്ടുണ്ട്. കൂടാതെ പ്രയാസം അനുഭവിക്കുന്ന സ്‌ത്രീകള്‍ക്ക് സംസ്‌ഥാന പോലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്’- മുഖ്യമന്ത്രി വ്യക്‌തമാക്കി.
Also Read: രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണം; ഒരാൾ കൂടി അറസ്‌റ്റിൽ