തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാംപുകളില്‍ കഴിയേണ്ട അവസ്‌ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍ നിന്നും വലിയ സംരക്ഷണമാണ് ലഭിക്കുന്നത്. ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നു. ക്യാംപുകളിലെ കോവിഡ് പ്രതിരോധം വളരെ വലുതാണ്. അതിനാല്‍ തന്നെ ക്യാംപുകളില്‍ കഴിയുന്ന ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ അവര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതാണ്; മന്ത്രി പറഞ്ഞു.
വാക്‌സിന്‍ എടുക്കുന്നത് സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും പ്രധാനമാണെന്നും ക്യാംപുകളിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ ജില്ലകള്‍ ക്രമീകരണം ഏര്‍പ്പെടുത്തി വരുന്നതായും മന്ത്രി വ്യക്‌തമാക്കി.
ക്യാംപുകളില്‍ കഴിയുന്നവരില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരുടേയും രണ്ടാം ഡോസ് എടുക്കാന്‍ ആയവരുടേയും വിവരങ്ങള്‍ ശേഖരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. സ്‌ഥല സൗകര്യമുള്ള ക്യാംപുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്‌സിന്‍ നല്‍കും. അല്ലാത്തവര്‍ക്ക് തൊട്ടടുത്തുള്ള സര്‍ക്കാർ ആശുപത്രിയില്‍ വാക്‌സിനേഷന്‍ എടുക്കാനുള്ള സൗകര്യമൊരുക്കുന്നതാണ്.
മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളുടെ സേവനവും ഉറപ്പാക്കും. ക്യാംപുകളില്‍ കഴിയുന്നവരില്‍ ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം സംസ്‌ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേര്‍ക്ക് (2,51,52,430) ആദ്യ ഡോസും 47.03 ശതമാനം പേര്‍ക്ക് (1,25,59,913) രണ്ടാം ഡോസും നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Most Read: ‘പ്രകൃതി ദുരന്തത്തിൽ പോലും രാഷ്‌ട്രീയം കലർത്തുന്നു’; പ്രതിപക്ഷ നേതാവിനെതിരെ സിപിഐഎം







































