കൊച്ചി: ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും അറസ്‌റ്റിലായ ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിൽ പോലീസ്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും ഇയാൾ വഴിയാണ് ഇവർ ഹോട്ടൽ മുറിയിൽ എത്തിയതെന്നുമാണ് പോലീസ് നിഗമനം.
ഓം പ്രകാശ് ഒരുക്കിയ പാർട്ടിയിൽ പങ്കെടുക്കാനാണ് ഇവർ ഹോട്ടൽ മുറിയിൽ എത്തിയതെന്നും പോലീസ് വിശ്വസിക്കുന്നു. ഓം പ്രകാശിന്റെ മുറിയിൽ തന്നെയാണ് പാർട്ടി നടത്തിയത്. ഇരുവരെയും എത്തിച്ച ബിനു ജോസഫിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്. താരങ്ങളുടെ മൊഴിയെടുക്കാനുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
ഇവരെ കൂടാതെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള മറ്റുള്ളവരുടെ മൊഴിയും എടുക്കും. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഓം പ്രകാശിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇന്നലെ കസ്‌റ്റഡിയിലെടുത്ത ബിനു ജോസഫിനെ രാത്രി വൈകി ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. കേസിൽ കൂടുതൽ അറസ്‌റ്റുകൾക്ക് സാധ്യതയുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
ഓംപ്രകാശിന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും. ഓം പ്രകാശിന്റെ മുറിയിൽ ഇരുപതോളം പേർ എത്തിയിരുന്നതായാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്‌തത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഓംപ്രകാശും കൂട്ടാളിയും ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ എത്തിയതെന്നാണ് പോലീസ് കരുതുന്നത്.
ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡാൻസാഫ് സംഘത്തിനാണ് ഓം പ്രകാശുമായി ഇടപെട്ട് ചില ഇടപാടുകൾ നടക്കുന്നുവെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ഞായറാഴ്‌ച പോലീസെത്തി ഇവരെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. നാല് ലിറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ൻ ഉപയോഗിച്ചതിന് ശേഷമുള്ള ചില അവശിഷ്‌ടങ്ങളും മുറിയിൽ നിന്ന് കണ്ടെടുത്തു. തുടർന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും







































