വാഷിങ്ടൻ: ഇലോൺ മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്‌പേസ് എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യത്തിന്റെ എട്ടാം പരീക്ഷണവും റദ്ദാക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് റദ്ദാക്കലെന്നാണ് വിവരം. വിക്ഷേപണത്തിന് 40 സെക്കൻഡ് മുമ്പാണ് മിഷൻ കൺട്രോളർമാർ പരീക്ഷണം നിർത്തിയത്.
എന്താണ് പ്രശ്‌നമെന്ന് സ്‌പേസ് എക്‌സ് വെളുപ്പെടുത്തിയിട്ടില്ല. ഏഴാം പരീക്ഷണം ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലുതും ശക്‌തവുമായ റോക്കറ്റാണ് സ്‌റ്റാർഷിപ്പ്. മനുഷ്യരെയും സാധനങ്ങളെയും ചൊവ്വയിലേക്ക് വിടാനും ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ വിന്യസിക്കാനും കഴിയുന്ന റോക്കറ്റ് നിർമിക്കാനുള്ള മസ്‌കിന്റെ പദ്ധതിയുടെ ഭാഗമാണ് സ്‌റ്റാർഷിപ്പ്.
ഭാവിയിൽ വൻ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള ഇലോൺ മസ്‌കിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. നാല് കൃത്രിമ ഉപഗ്രഹങ്ങളുമായി സ്‌റ്റാർഷിപ്പ് ടെക്‌സസിൽ നിന്ന് വിക്ഷേപിക്കേണ്ടതായിരുന്നു. എന്നാൽ, ചില സാങ്കേതിക പ്രശ്‌നങ്ങൾ വിക്ഷേപണത്തെ പ്രതിസന്ധിയിലാക്കി. പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിച്ചാൽ വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്ന് സ്‌പേസ് എക്‌സ് സൂചിപ്പിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി