ചെന്നൈ: പുരുഷന് മാത്രം പ്രാപ്യമെന്ന് കരുതിയിരുന്ന പല മേഖലകളിലും സ്ത്രീകൾ കടന്നുവരുന്ന കാലഘട്ടമാണിത്. തൊഴിലിടങ്ങളിലെ തുല്യതക്ക് വേണ്ടി ലോകമെമ്പാടും സ്ത്രീകൾ ശബ്ദമുയർത്താൻ തുടങ്ങിയിട്ടും മാറ്റമൊന്നുമുണ്ടായില്ല. എന്നാൽ നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും ഉത്തമ ഉദാഹരണമായ വീരലക്ഷ്മി ഈ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയല്ല, സ്വയം മാറാൻ ശ്രമിക്കുകയാണ്.
തമിഴ്നാട്ടിലെ 108 ആംബുലൻസിന്റെ ആദ്യത്തെ വനിത ഡ്രൈവർ എന്ന നേട്ടത്തിലേക്ക് നടന്നെത്താൻ അവർ പിന്നിട്ട വഴികൾ ഏതൊരു സ്ത്രീക്കും പ്രചോദനമാണെന്ന് പറയാതെ വയ്യ.
ആഗസ്റ്റ് 31നാണ് വീരലക്ഷ്മി ഔദ്യോഗികമായി ജോലി ഏറ്റെടുത്തത്. തമിഴ്നാട് സെക്രട്ടറിയേറ്റിൽ വച്ചു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ സാന്നിധ്യത്തിലാണ് അവർ തന്റെ പുതിയ തൊഴിൽ മേഖലയിലേക്ക് കടന്നു ചെന്നത്.
ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടിയിട്ടുള്ള ഈ 30കാരിക്ക് ഹെവി വെഹിക്കിൾ ലൈസൻസുമുണ്ട്. കാബ് ഡ്രൈവറായിരുന്ന ഇവർക്ക് ജൂണിൽ ആംബുലൻസ് ഡ്രൈവറായി പ്രവേശിക്കാനുള്ള അനുമതി ലഭിച്ചു. തുടർന്ന് നടന്ന പരിശീലനം പൂർത്തിയായതോടെയാണ് തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലും അവർ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയില്ല. രണ്ട് മക്കളുടെ അമ്മ കൂടിയായ വീരലക്ഷ്മിയുടെ ഭർത്താവ് എല്ലാ തീരുമാനങ്ങളിലും ഒപ്പമുണ്ട്.
” ഭർത്താവിനെ സഹായിക്കാനും കുടുംബത്തിലേക്ക് അധികവരുമാനം ലഭിക്കാനുമാണ് ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞത്, എന്നാൽ ആംബുലൻസ് ഓടിക്കുമ്പോൾ ആളുകളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായാൽ അവരുടെ ജീവൻ രക്ഷിക്കാനാകും, അത് കാണുമ്പോൾ വലിയ സന്തോഷമുണ്ട് ” വീരലക്ഷ്മി പറയുന്നു.
വീരലക്ഷ്മിയെ പോലെ അനേകം സ്ത്രീകൾ തങ്ങളുടെ ജീവിത വഴി സ്വയം തിരഞ്ഞെടുക്കുന്നു. അതിലും എത്രയോ അധികം പേർക്ക് സ്വപ്നങ്ങൾ മൂടി വെച്ച് ജീവിക്കേണ്ടി വരുന്നു. താൻ ജീവിക്കേണ്ട ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാ മനുഷ്യർക്കുമുണ്ട്, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ. അങ്ങനെയൊരു ലോകം വരും കാലത്തുണ്ടാവട്ടെയെന്ന് പ്രത്യാശിക്കാം.







































