വയനാട്: ജില്ലയിലെ കൽപ്പറ്റയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കൽപ്പറ്റയിലെ നഗരപാതകളിലും, നഗരത്തിനോട് ചേർന്നുള്ള ജനവാസ മേഖലകളിലും തെരുവ് നായകളുടെ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ട്.
പഴയ ബസ്സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും പിണങ്ങോട് റോഡിൽ ചുങ്കം ജംഗ്ഷൻ മുതൽ എടഗുനി, വെങ്ങപ്പള്ളി പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിലും തുർക്കി, അമ്പിലേരി, മുണ്ടേരി, എമിലി പുത്തൂർവയൽ, എസ്പി ഓഫീസ് പരിസരം എന്നിവിടങ്ങളിലുമാണ് ഇപ്പോൾ തെരുവ് നായ ശല്യം രൂക്ഷമാകുന്നത്. പത്ത് മുതൽ ഇരുപത് വരെ നായകൾ കൂട്ടങ്ങളായാണ് ഇവിടങ്ങളിൽ സഞ്ചരിക്കുന്നത്. ഇതോടെ തിരക്കുള്ള സമയങ്ങളിൽ പോലും പ്രധാന നിരത്തുകൾ നായകൾ കൈയ്യടക്കുകയാണ്.
ജനവാസ മേഖലകളിൽ തെരുവ് നായകളെ പേടിച്ച് ചെറിയ കുട്ടികളെ വീട്ടുമുറ്റത്തേക്ക് വിടാൻ പോലും ആളുകൾക്ക് മടിയാണ്. കൂടാതെ ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ ആക്രമിക്കാൻ പായുന്നതിലൂടെ അപകടം ഉണ്ടാകുന്നതും നിലവിൽ വർധിക്കുന്നുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യവും, ഇടറോഡുകളിലും മറ്റുമുള്ള മൽസ്യ, മാംസ കച്ചവട സ്ഥാപനങ്ങളുമാണ് നായകൾ വിഹരിക്കുന്നതിന് കാരണമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
Read also: ഗുണ്ടാ തലവൻ ഷിജു പിടിയിൽ; അറസ്റ്റിനിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം








































