പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥി അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. സ്‌കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും അർജുന്റെ രക്ഷിതാക്കളുടെയും മൊഴി എടുക്കും.
അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് അർജുൻ ആത്‍മഹത്യ ചെയ്‌തതെന്നാണ് ആരോപണം. അധ്യാപിക ശകാരിച്ച ശേഷം അസ്വസ്‌ഥനായ അർജുൻ സ്‌കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞു, തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്ന് സഹപാഠിയായ കുട്ടി അധികൃതരെ അറിയിച്ചു.
ഇൻസ്‌റ്റാഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ക്ളാസിൽ വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നും സഹപാഠി പറഞ്ഞു. സംഭവത്തിൽ സ്‌കൂളിലെ പ്രധാനാധ്യാപിക യു. ലിസി, ക്ളാസ് അധ്യാപിക ടി. ആശ എന്നിവരെ ഇന്നലെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
എഇഒയുടെ സാന്നിധ്യത്തിൽ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പിടിഎയും യോഗം ചേർന്നാണ് അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് സ്‌കൂൾ നാല് ദിവസത്തേക്ക് അടച്ചു. നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ സ്‌കൂളിൽ ശക്‌തമായ പ്രതിരോധ സമരം നടത്തിയിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാത്തൂർ പല്ലഞ്ചാത്തന്നൂർ പൊള്ളപ്പാടം ചരലംപറമ്പ് വീട്ടിൽ അർജുൻ 14ന് വൈകീട്ടാണ് മരിച്ചത്.
അന്ന് രാവിലെയാണ് മരണത്തിന് കാരണമായെന്ന് ആരോപിക്കുന്ന സംഭവം സ്‌കൂളിലുണ്ടായത്. അർജുൻ ഉൾപ്പടെ നാല് വിദ്യാർഥികൾ സാമൂഹിക മാദ്ധ്യമത്തിൽ അയച്ച സന്ദേശം സംബന്ധിച്ച് ഒരു രക്ഷിതാവ് സ്‌കൂൾ അധികൃതരോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് നാല് കുട്ടികളെയും രക്ഷിതാകകളെയും സ്‌കൂളിൽ വിളിപ്പിച്ച് ശാസിച്ചു വിട്ടു.
അതിന് ശേഷവും ക്ളാസ് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചതായി കുടുംബം ആരോപിക്കുന്നു. എന്നാൽ, ആരോപണങ്ങൾ തള്ളി സ്‌കൂൾ മാനേജ്മെന്റ് രംഗത്തുവന്നു. അധ്യാപികയുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് വാദം.
Most Read| ‘കഴിവ് ഒരു മാനദണ്ഡമാണോ’; കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്‌തിയുമായി ഷമ മുഹമ്മദ്