ന്യൂഡെൽഹി: തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുകൊടുക്കാൻ സുപ്രീം കോടതിയുടെ അനുമതി. ഇതിനായി നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു.
ജയിലിന്റെ ഭൂമിയിൽ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയും സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ആസ്ഥാനം സ്ഥാപിക്കാനും ഭൂമി വിട്ടുനൽകാൻ കോടതി അനുമതി നൽകി. 32 ഏക്കർ ഭൂമി വീതമാണ് നാഷണൽ ഫൊറൻസിക് സർവകലാശാലയ്ക്കും സശസ്ത്ര സീമ ബലിനും കൈമാറുന്നത്.
നെട്ടുകാൽത്തേരി തുറന്ന ജയിലിന് 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം 257 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാരിന് കൈമാറാൻ പോകുന്നത്. ജയിലിന്റെ സ്ഥലം മറ്റു ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി






































