ന്യൂഡെൽഹി: വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്‌ഥിര വിസിമാരെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി രണ്ടാഴ്‌ചയ്‌ക്കകം രൂപീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സേർച്ച് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി റിട്ട. ജഡ്‌ജി സുധാംശു ധൂലിയയെ കോടതി നിയമിച്ചു.
സേർച്ച് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെ സർക്കാർ, ചാൻസലർ എന്നിവർ നൽകിയ പട്ടികയിൽ നിന്നും തിരഞ്ഞെടുക്കാനും കോടതി നിർദ്ദേശം നൽകി. ഇതിനായി സർക്കാരും ചാൻസലറും നൽകിയ പട്ടികയിൽ നിന്ന് രണ്ടുപേരെ വീതം സേർച്ച് കമ്മിറ്റിയിലേക്ക് നിയമിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സേർച്ച് കമ്മിറ്റി രൂപീകരിച്ച് വിസി നിയമനത്തിനുള്ള നടപടികൾ ആരംഭിക്കണം.
ഇതിനായി യോഗ്യരായവരെ കണ്ടെത്താൻ മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്യണം. രണ്ടുമാസത്തിനുള്ളിൽ സ്‌ഥിര വിസി നിയമനം നടത്തണമെന്നാണ് വിധിയിലുള്ളത്. സേർച്ച് കമ്മിറ്റിയിലേക്ക് യുജിസിയുടെ പ്രതിനിധി കൂടി വരാൻ സാധ്യതയുണ്ട്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ബംഗാൾ മോഡലിൽ സേർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും സംസ്‌ഥാനം ആവശ്യപ്പെടുകയായിരുന്നു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഗവർണർ നടത്തിയ താൽക്കാലിക നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിച്ചിരുന്നത്. ഗവർണറുടെ നടപടി ഏകപക്ഷീയവും കോടതി വിധിക്ക് എതിരാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തിരിക്കുന്ന അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്‌ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാകണം ചാൻസലറായ ഗവർണർ നിയമനം നടത്തേണ്ടത് എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഗവർണർ സംസ്‌ഥാന സർക്കാർ കൈമാറിയ പാനലിൽ നിന്നുള്ളവരെ മറികടന്ന് നേരത്തെ ഉണ്ടായിരുന്ന താൽക്കാലിക വൈസ് ചാൻസലർമാരെ പുനർനിർമിച്ചുകൊണ്ട് ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ഡോ. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാല വിസിയായും നിയമിച്ചുകൊണ്ട് ഗവർണർ വിജ്‌ഞാപനം പുറപ്പെടുവിച്ചതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. ഇരുവരെയും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ