ന്യൂഡെൽഹി: 5 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ തീർപ്പാക്കാൻ ഹൈക്കോടതികളിൽ താൽക്കാലിക ജഡ്‌ജിമാരെ നിയമിക്കുന്നതിന് സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി. ഭരണഘടനയുടെ 224എ വകുപ്പ് അനുസരിച്ചാണ് താൽക്കാലിക ജഡ്‌ജി നിയമനത്തിന് ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാർ ശുപാർശ നൽകുക.
വിവിധ കോടതികളിലായി ഇത്തരം 57 ലക്ഷം കേസുകളാണുള്ളത്. 40 ശതമാനം ജഡ്‌ജിമാരുടെ ഒഴിവുമുണ്ട്. മുപ്പതു വർഷത്തിലേറെ പഴക്കമുള്ള 91,913 കേസുകളുണ്ട് . ഈ സാഹചര്യത്തിൽ താൽക്കാലിക ജഡ്‌ജി നിയമനത്തിനുള്ള വകുപ്പ് പ്രയോഗികമാക്കേണ്ടത് അത്യാവശ്യമാണെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ വ്യക്‌തമാക്കി. ലോക്പ്രഹരി എന്ന സംഘടനയുടെ ഹരജിയിലാണ് നടപടി.
മാർഗരേഖ അനുസരിച്ച് 20 ശതമാനം ഒഴിവുകളുള്ള ഹൈക്കോടതികളിൽ പരമാവധി 5 താൽക്കാലിക ജഡ്‌ജിമാരെ നിയമിക്കാം. കെട്ടിക്കിടക്കുന്ന 10 ശതമാനം കേസുകൾ 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവ ആയിരിക്കണം. കഴിഞ്ഞ വർഷം വിരമിച്ച ജഡ്‌ജിമാർക്ക് മാർഗരേഖയിൽ മുൻഗണന നൽകുന്നുണ്ട്. കേസുകൾ തീർപ്പാക്കുന്നതിലെ ജഡ്‌ജിമാരുടെ വേഗതയും പരിഗണിക്കും.
2 മുതൽ 3 വർഷത്തേക്കാണ് പരമാവധി നിയമനം നൽകുന്നത്. സ്‌ഥിര ജഡ്‌ജിമാരുടേതിന് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും കേന്ദ്ര സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്നും ലഭ്യമാക്കും. കേസിലെ നടപടികളുടെ പുരോഗതിയെക്കുറിച്ച് നിയമമന്ത്രാലയം സുപ്രീം കോടതിക്ക് റിപ്പോർട് നൽകണം, എന്നിങ്ങനെയാണ് മാർഗരേഖയിലെ പ്രധാന വ്യവസ്‌ഥകൾ.
Read also: കോവിഡ് കൊടുങ്കാറ്റായി വീശുന്നു; ലോക്ക്ഡൗണിന്റെ ആവശ്യമില്ല, നമ്മൾ അതിജീവിക്കും; പ്രധാനമന്ത്രി