ഇംഫാൽ: മണിപ്പൂരിലെ സംഘർഷബാധിത മേഖലകളുടെ തൽസ്‌ഥിതി പരിശോധിക്കാനായി സുപ്രീം കോടതി ജഡ്‌ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. ജസ്‌റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിൽ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, കെവി വിശ്വനാഥൻ, എംഎം സുന്ദ്രേഷ് , എൻ കോടീശ്വർ സിങ് എന്നിവർ ഉൾപ്പടെ ആറ് ജഡ്‌ജിമാരുടെ സംഘമാണ് മണിപ്പൂരിലെത്തിയത്.
സുപ്രീം കോടതിയുടെ പരിഗണനയിൽ സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്‌ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പടെയുള്ള കേസുകളുടെ അടിസ്‌ഥാനത്തിൽ കൂടിയാണ് ഇപ്പോൾ ജഡ്‌ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിലേക്ക് പോയത്. ഇതിന് ശേഷമായിരിക്കും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ ഉണ്ടാവുക.
മണിപ്പൂർ കലാപബാധിതർക്ക് നൽകേണ്ട സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല, ജനങ്ങൾക്ക് നൽകേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും. അതേസമയം, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുർ സംഘം സന്ദർശിക്കില്ല. മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട ജസ്‌റ്റിസ് എൻകെ സിങ് ചുരാചന്ദ്പുർ സന്ദർശിച്ചാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം.
നേരത്തെ, മണിപ്പൂർ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് വനിതാ ജഡ്‌ജിമാർ അടങ്ങുന്ന സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയിരുന്നു. ജമ്മു കശ്‌മീർ ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ് ഗീത മിത്തലിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ജസ്‌റ്റിസ് ശാലിനി ജോഷി, ജസ്‌റ്റിസ് ആശാ മേനോൻ എന്നിവരായിരുന്നു അംഗങ്ങൾ.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ