ന്യൂഡെൽഹി: പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാർ കാർഡ് പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി. നിയമം അനുശാസിക്കുന്നതിനും അപ്പുറത്തേക്കുള്ള പദവിയിലേക്ക് ആധാർ കാർഡിനെ ഉയർത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇതോടെ, ബിഹാറിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷം തയ്യാറാക്കിയ പട്ടികയിൽ പേരുൾപ്പെടുത്താനായി പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാർ കാർഡ് പരിഗണിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി തള്ളി.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള തിരിച്ചറിയൽ രേഖയായി മറ്റ് രേഖകൾക്കൊപ്പം ആധാറിനെ കണക്കാക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായ 65 പേരുടെ ആധാർ കാർഡ് കോടതി നിർദ്ദേശത്തിന് ശേഷവും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ മതിയായ രേഖയായി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കാൻ തയ്യാറാകുന്നില്ലെന്ന് ആർജെഡിയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ ധരിപ്പിച്ചു.
എന്നാൽ, ആധാർ ആക്ടിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതിന് ഉപരിയായി ആധാറിന്റെ പദവി ഉയർത്താൻ കോടതിക്ക് സാധിക്കില്ലെന്ന് ബെഞ്ച് മറുപടി നൽകി. ബയോമെട്രിക് തെളിവ് ഉൾപ്പെടുന്ന തിരിച്ചറിയൽ രേഖയിൽ നിന്ന് വോട്ട് അവകാശത്തിനുള്ള പൗരത്വരേഖയായി ആധാറിന്റെ പദവി ഉയർത്തണമെന്ന് മറ്റ് ഹരജിക്കാരും കോടതിയോട് അഭ്യർഥിച്ചു.
എന്തിനാണ് ആധാറിന് ഇത്രയധികം പ്രാധാന്യം നൽകുന്നതെന്ന് ആരാഞ്ഞ കോടതി പൗരത്വത്തിനുള്ള അന്തിമതെളിവായി ആധാറിനെ പരിഗണിക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും വ്യക്തമാക്കി.
Most Read| തറയ്ക്കടിയിൽ നിന്ന് രക്തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!