ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് തിരിച്ചടി. വിഷയം പരിശോധിക്കുന്നതിന് പാർലമെന്റ് സമിതി രൂപീകരിച്ചതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി.
ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായാണ് വിഷയം പരിശോധിക്കാൻ ലോക്സഭാ സ്പീക്കറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ജഡ്ജസ് എൻക്വയറി ആക്റ്റിന്റെ (1968) അടിസ്ഥാനത്തിൽ ആയിരുന്നു ഇത്. എന്നാൽ, ഇത് നിയമവിരുദ്ധമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ ഹരജിയിൽ ആരോപിച്ചത്.
യശ്വന്ത് വർമയുടെ വാദഗതികൾ നിലനിൽക്കുന്നതല്ലെന്നും ലോക്സഭാ സ്പീക്കറിന് നടപടികളുമായി മുന്നോട്ട് പോകാമെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ച് വിധിച്ചു. ഹരജിക്കാരന് ആശ്വാസത്തിന് ഒരു അർഹതയുമില്ലെന്ന് വിശ്വസിക്കുന്നതായി ജസ്റ്റിസ് ദത്ത വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു.
കഴിഞ്ഞവർഷം മാർച്ച് 14നാണ് ജഡ്ജിയുടെ വീട്ടിൽ തീപിടിച്ചത്. തീ അണയ്ക്കുന്നതിനിടെ കണക്കിൽപ്പെടാത്ത പണം അഗ്നിരക്ഷാസേന കണ്ടെത്തുകയായിരുന്നു. ഈ സമയം ജസ്റ്റിസ് വർമയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. കത്തി നശിച്ച പണത്തിന്റെ വീഡിയോ ഡെൽഹി പോലീസ് കമ്മീഷണർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതോടെയാണ് സംഭവം വിവാദമായത്.
ഇതോടെ മാർച്ച് 21ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്തു. യശ്വന്ത് വർമയ്ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോർട്.
പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും വർമയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ അറിയാതെ വസതിയിൽ പണം സൂക്ഷിക്കാൻ ആകില്ലെന്നുമായിരുന്നു അന്വേഷണ ആകില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി





































