ന്യൂഡെൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്‌ഥിതി തുടരാൻ ജഡ്‌ജിമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ എന്തുകൊണ്ടാണ് സംസ്‌ഥാന സർക്കാർ അപ്പീൽ ഫയൽ ചെയ്യാത്തതെന്നും സുപ്രീം കോടതി ചോദിച്ചു.
അതേസമയം, മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ച സുപ്രീം കോടതി ജനുവരി 27ന് ആരംഭിക്കുന്ന ആഴ്‌ച വിശദമായ വാദം കേൾക്കാനും തീരുമാനിച്ചു.
അധികാരപരിധി മറികടന്നാണ് ഹൈക്കോടതി വിഷയം പരിഗണിച്ചതെന്ന നിരീക്ഷണവും വാദത്തിനിടെ ബെഞ്ചിൽ നിന്നുണ്ടായി. ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്‌ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹരജിയാണ് ബെഞ്ച് പരിഗണിച്ചത്.
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. പൊതുതാൽപര്യ ഹരജിയാണിതെന്നും, ഹരജി നൽകിയവർ നേരിട്ടുള്ള കക്ഷികളല്ലെന്നും സർക്കാർ വാദിച്ചു. ഹ്രസ്വമായി വാദം കേട്ട കോടതി മറുപടിക്കായി എതിർകക്ഷികൾക്ക് നോട്ടീസയച്ചു. ആറ് ആഴ്‌ചകൾക്കുള്ളിൽ മറുപടി നൽകാനും നിർദ്ദേശിച്ചു.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!






































