ന്യൂഡെൽഹി: ഉൽസവങ്ങളിലെ ആന എഴുന്നള്ളിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. ഉൽസവങ്ങളിൽ ആന എഴുന്നള്ളിപ്പ് പൂർണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്‌റ്റിസുമാരായ ബിവി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. വളർത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കേസിൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്‌തു. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവ സമിതിയെന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംഘടനയ്‌ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വികാസ് സിങ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്‌ജിമാർക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചു.
ഡിവിഷൻ ബെഞ്ചിലെ നടപടികൾ പൂർണമായി സ്‌റ്റേ ചെയ്യണമെന്ന് ഉത്തരവിട്ടത് ആന എഴുന്നള്ളിപ്പ് തടയാനാണെന്ന് വികാസ് സിങ് ചൂണ്ടിക്കാട്ടി. തുടർന്നാണ് സംസ്‌കാരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് തടയാനുള്ള നീക്കമാണ് ഹൈക്കോടതിയുടേതെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്‌റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടത്.
അതേസമയം, നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഇതോടെ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത ട്രാൻസ്‌ഫർ പെറ്റീഷൻ ദേവസ്വങ്ങൾ പിൻവലിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി