ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ മുന്നറിയിപ്പുമായി സുപ്രീം കോടതി. വിഷയത്തിൽ ഗവർണറും സംസ്‌ഥാന സർക്കാരും തമ്മിൽ സമവായത്തിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സമവായത്തിൽ എത്തിയില്ലെങ്കിൽ, അടുത്ത വ്യാഴാഴ്‌ച വൈസ് ചാൻസലറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
ജസ്‌റ്റിസുമാരായ ജെബി പർദിവാല, പിബി വരാലേ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ. എന്നാൽ, ഇത് അംഗീകരിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറല്ല. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ.
ഇവിടുത്തേക്ക് മുഖ്യമന്ത്രി ചാൻസലർക്ക് കൈമാറിയ മുൻഗണനാ പാനലിൽ ഒന്നാം സ്‌ഥാനത്ത് ഡോ. സജി ഗോപിനാഥാണ്. സുപ്രീം കോടതി രൂപീകരിച്ച സേർച്ച് പാനലുകളിലും സിസ തോമസിന്റെയും പ്രിയ ചന്ദ്രന്റെയും പേരുകൾ ഉള്ളതിനാലാണ് ഗവർണർ ഇവരുടെ പേരുകൾ ശുപാർശ ചെയ്യുന്നതെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
സർവകലാശാല വിസിയായിരുന്നപ്പോൾ കണക്കുകൾ സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നാണ് സജി ഗോപിനാഥിന് എതിരായ ഗവർണറുടെ പരാതി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി അനധികൃത അദാലത്ത് നടത്തി തോറ്റ എൻജിനിയറിങ് വിദ്യാർഥികളെ വിജയിപ്പിച്ച വ്യക്‌തിയാണ് ഡിജിറ്റൽ സർവകലാശാലയിലേക്ക് രണ്ടാം പേരുകാരിയായി സർക്കാർ ശുപാർശ ചെയ്യുന്ന രാജശ്രീയ്‌ക്ക് നേരെയുള്ള ഗവർണറുടെ ആരോപണം.
Most Read| ഇൻഡിഗോയ്‌ക്ക് ആശ്വാസം; ഡ്യൂട്ടി ചട്ടത്തിൽ ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ






































