ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്‌റ്റിസ് പി. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അതേസമയം, സിബിഎസ്ഇ വിദ്യാർഥികൾ തടസ ഹരജിയും നൽകിയിട്ടുണ്ട്.
അതിനാൽ, നാളത്തെ കോടതി വിധി നിർണായകമാണ്. പുതുക്കിയ പട്ടിക കേരള സിലബസ് വിദ്യാർഥികളോടുള്ള നീതി നിഷേധം ആണെന്നാണ് ആരോപണം. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിദ്യാർഥികൾക്കായി ഹാജരായേക്കുമെന്നാണ് വിവരം. പ്രോസ്‌പെക്‌ടസ് തിരുത്താൻ സർക്കാരിന് അധികാരമുണ്ട്. ഹൈക്കോടതി ഇടപെട്ടത് നയപരമായ വിഷയത്തിലാണെന്നും ഹരജിയിൽ പറയുന്നു.
പുതിയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്‌റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി ഡിവിഷൻ ബെഞ്ച് ശരിവെച്ചതിന് പിന്നാലെയാണ് പുതുക്കിയ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചത്. പഴയ ഫോർമുല അനുസരിച്ച് റാങ്ക് ലിസ്‌റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോൾ സ്‌റ്റേറ്റ് സിലബസിലുള്ള വിദ്യാർഥികൾക്ക് മുൻതൂക്കം നഷ്‌ടമായി.
ആദ്യ 100 റാങ്കിൽ 79 പേരും സിബിഎസ്ഇ വിദ്യാർഥികളായിരുന്നു. കേരള സിലബസ് വിദ്യാർഥികൾ 21. കോടതി റദ്ദാക്കിയ റാങ്ക് പട്ടികയിൽ ഇത് യഥാക്രമം 55, 43 എന്നിങ്ങനെയായിരുന്നു. സർക്കാർ ഇക്കൊല്ലം പുതുതായി നടപ്പാക്കിയ മാർക്ക് ഏകീകരണ ഫോർമുല നിയമവിരുദ്ധമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് പഴയ ഫോർമുല പ്രകാരമുള്ള റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചത്.
Most Read| ക്യാമ്പുകൾക്ക് നേരെ ആക്രമണമെന്ന് ഉൾഫ-ഐ; നിഷേധിച്ച് ഇന്ത്യ