തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു. തൃശൂർ ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്‌റ്റ് പോലീസിൽ പരാതി നൽകിയത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ ഛത്തീസ്‌ഗഡിൽ കന്യാസ്‌ത്രീകളെ അറസ്‌റ്റ് ചെയ്‌ത ശേഷം മണ്ഡലത്തിൽ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.
സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും, അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. കന്യാസ്‌ത്രീകളുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിക്കാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അറസ്‌റ്റിൽ ബിജെപിക്കെതിരെ സഭാ നേതാക്കളിൽ നിന്നടക്കം വലിയ വിമർശനം ഉണ്ടായിരുന്നു.
വിഷയത്തിൽ സുരേഷ് ഗോപി മാത്രം മൗനം പാലിച്ചതിൽ സഭാ പ്രവർത്തകർക്കിടയിലും നീരസമുണ്ടായിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് പരാതി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നെന്ന ആരോപണം ശക്‌തമാക്കി കോൺഗ്രസും എൽഡിഎഫ് സ്‌ഥാനാർഥിയായിരുന്ന വിഎസ് സുനിൽ കുമാറും രംഗത്തെത്തിയിരുന്നു.
മണ്ഡലത്തിൽ സ്‌ഥിരതാമസക്കാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് ഇരു മുന്നണികളുടെയും ആരോപണം. സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പടെ 11 പേരെ ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെ ക്രമനമ്പറിൽ ചേർത്തതായി ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്ന പട്ടികയിൽ ഇവരുടെ പേരുകളില്ല. ഇവർ സ്‌ഥിരതാമസക്കാരല്ല എന്നതിന്റെ തെളിവാണിതെന്നും ടാജറ്റ് ആരോപിച്ചിരുന്നു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം