തൃശൂർ: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ, കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും. ഡെൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സുരേഷ് ഗോപി രാവിലെ ഒമ്പതരയോടെ വന്ദേഭാരത് ട്രെയിനിലാകും തൃശൂരിലെത്തുക.
റെയിൽവേ സ്‌റ്റേഷനിൽ ബിജെപി പ്രവർത്തകർ സ്വീകരണം നൽകും. ഇന്ന് പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. വോട്ടർ പട്ടിക വിവാദത്തിലും കന്യാസ്‌ത്രീകളുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സുരേഷ് ഗോപിക്കെതിരെ വലിയ പ്രതിഷേധമാണ് യുഡിഎഫും എൽഡിഎഫും ഉയർത്തുന്നത്.
എന്നാൽ, വിഷയത്തിൽ ഇതുവരെ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. ഡെൽഹിയിൽ ഇന്നലെയും മാദ്ധ്യമപ്രവർത്തകർ സുരേഷ് ഗോപിയോട് പ്രതികരണം തേടിയെങ്കിലും ഒന്നും മിണ്ടാതെ അദ്ദേഹം വാഹനത്തിൽ കയറുകയായിരുന്നു. ഇനി ആരോപണങ്ങൾ സംബന്ധിച്ച് അദ്ദേഹം തൃശൂരിൽ പ്രതികരിക്കുമോയെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് ചേരൂരിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. മാർച്ചിനിടെ സിപിഎം പ്രവർത്തകൻ സുരേഷ് ഗോപിയുടെ ക്യാംപ് ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു. ഈ സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കെത്തി.
ബിജെപി പ്രവർത്തകരെ തടയാനുള്ള പോലീസ് ശ്രമം സംഘർഷത്തിലേക്ക് നീങ്ങുകയും പോലീസ് ലാത്തി പ്രയോഗിക്കുകയും ചെയ്‌തു. ബിജെപി ജില്ലാ അധ്യക്ഷൻ ജസ്‌റ്റിൻ സെബാസ്‌റ്റ്യൻ തലയ്‌ക്കടിയേറ്റ് ചികിൽസയിലാണ്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി തൃശൂരിലെത്തുന്നുവെന്ന വാർത്ത പുറത്തുവന്നത്. മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപി ആശുപത്രിയിലെത്തി പരിക്കേറ്റ പ്രവർത്തകരെ കാണും.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി








































