കൊല്ലം: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയതിൽ വിവാദമുയർന്നതിന് പിന്നാലെ സഹോദരനെതിരെ ഇരട്ടവോട്ട് ആരോപണം. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിൽ ഉണ്ടെന്ന വിവരമാണ് പുറത്തുവന്നത്.
കുടുംബ വീടായ ലക്ഷ്‍മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്ത് സുഭാഷ് ഗോപിയുടെ വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84ആം നമ്പർ ബൂത്തിലാണ് വോട്ട്. എന്നാൽ, കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തിൽ സ്‌ഥിരീകരണമില്ല. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തതിന് അന്വേഷണം നടത്തും.
വോട്ട് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ച് കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗം ടിഎൻ പ്രതാപൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയ്‌ക്ക് പരാതി നൽകിയിരുന്നു. പരാതി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച നിയമോപദേശം തേടുമെന്നും കമ്മീഷണർ വ്യക്‌തമാക്കി.
തിരുവനന്തപുരത്ത് സ്‌ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്‌താവന ഉൾപ്പടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115ആം നമ്പർ ബൂത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്‌ഥിര താമസക്കാരനായ വ്യക്‌തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളൂ. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്‌തമംഗലം ഡിവിഷനിലെ 22/ 1788 എന്ന വീട്ടുനമ്പറിൽ സ്‌ഥിര താമസക്കാരാണ്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി








































