കാഠ്‌മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ് സുശീല കാർക്കി സത്യപ്രതിജ്‌ഞ ചെയ്‌തു. സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ ‘ജെൻ സീ’ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രീയ രംഗത്തുള്ളവർ തൽക്കാലം പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് വേണ്ടെന്നായിരുന്നു അവരുടെ നിലപാട്.
നേപ്പാൾ പാർലമെന്റ് പ്രസിഡണ്ട് പിരിച്ചുവിട്ടിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്‌ചാത്തലത്തിൽ കെപി ശർമ ഒലിയുടെ കമ്യൂണിസ്‌റ്റ് സർക്കാർ രാജിവെച്ചിരുന്നു. നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. നേപ്പാളിലെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് പദവിയിലെത്തിയ ഏക വനിത കൂടിയാണ് സുശീല കാർക്കി.
1952ൽ ബിരാത്‌നഗറിലാണ് ജനനം. 1972ൽ മഹേന്ദ്ര മോരംങ് ക്യാമ്പസിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്‌സ് പൂർത്തിയാക്കി. 75ൽ വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. 78ൽ നേപ്പാളിലെ ത്രിഭുവൻ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി.
1979ൽ ബിരാത്‌നഗറിൽ നിയമ പരിശീലനം ആരംഭിച്ചു. 2007ൽ മുതിർന്ന അഭിഭാഷകയായി. 2009 ജനുവരി 22ന് സുപ്രീം കോടതിയിൽ താൽക്കാലിക ജഡ്‌ജിയായി. 2010 നവംബറിൽ സ്‌ഥിരം ജഡ്‌ജിയായി. 2016 ഏപ്രിൽ മുതൽ ജൂലൈ വരെ ആക്റ്റിങ് ചീഫ് ജസ്‌റ്റിസായി. തുടർന്ന് 2016 ജൂലൈ മുതൽ 2017 ജൂൺ വരെ സുപ്രീം കോടതിയുടെ ചീഫ് ജസ്‌റ്റിസായും സേവനമനുഷ്‌ഠിച്ചു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!