ന്യൂഡെൽഹി: വിദ്യാർഥിനികളുടെ പീഡന പരാതികൾക്ക് പിന്നാലെ ഒളിവിൽപ്പോയ സ്വാമി ചൈതന്യാനന്ദയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആഗ്രയിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ശ്രീ ശാരദ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് ഡയറക്‌ടയിരുന്ന ഇയാൾക്കെതിരെ ഞെട്ടിക്കുന്ന പീഡന പരാതികളാണ് പുറത്തുവന്നത്.
വിദേശ യാത്രകളിലും മറ്റും ഒപ്പം കൂട്ടിയിരുന്ന തങ്ങളെ ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് വിദ്യാർഥിനികൾ മൊഴി നൽകിയത്. പരാതികളുടെ അടിസ്‌ഥാനത്തിൽ ദേശീയ വനിതാ കമ്മീഷനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. സ്വാമിയുടെ ഭീഷണിയും പീഡനവും സഹിക്കാനാവാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും ചിലർ വെളിപ്പെടുത്തിയിരുന്നു.
ജൂലൈ 28ന് പിജിഡിഎം 2023 ബാച്ചിലെ വിദ്യാർഥി സ്‌ഥാപനത്തിന് നൽകിയ പരാതിക്ക് പിന്നാലെ, വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്‌ഥ അയച്ച ഇ-മെയിൽ സന്ദേശമാണ് ചൈതന്യാനന്ദയ്‌ക്കെതിരെ പോലീസിൽ മൊഴി നൽകാൻ ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതരെ പ്രേരിപ്പിച്ചത്.
വ്യോമസേനയിലെ ഉദ്യോഗസ്‌ഥരുടെ മക്കളും ബന്ധുക്കളും ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ഓഗസ്‌റ്റ് ഒന്നിനാണ് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്‌ഥ ഇ-മെയിൽ അയച്ചത്. തൊട്ടു പിന്നാലെ ഓഗസ്‌റ്റ് മൂന്നിന് പുതിയതായി രൂപീകരിച്ച ഗവേണിങ് കൗൺസിൽ 30 വിദ്യാർഥികളുമായി വെർച്വൽ കൂടിക്കാഴ്‌ച നടത്തി വിവരങ്ങൾ ശേഖരിച്ചു.
അപ്പോഴാണ് പീഡനവിവരം ഉൾപ്പടെ ഞെട്ടിക്കുന്ന വിവരങ്ങൾ കുട്ടികൾ പങ്കുവെച്ചത്. ഈ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഓഗസ്‌റ്റ് നാലിന് ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതർ പോലീസിൽ പരാതി നൽകിയത്. ഹോസ്‌റ്റലിൽ പെൺകുട്ടികളുടെ ശുചിമുറികളുടെ മുന്നിൽ രഹസ്യ ക്യാമറ സ്‌ഥാപിച്ച് സ്വാമി നിരീക്ഷണം നടത്തിയിരുന്നെന്നും ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സ്വാമിയുടെ ഫോണിൽ ലഭ്യമായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
വിദ്യാർഥികൾക്ക് അയക്കുന്ന മെസേജുകളുടെ സ്‌ക്രീൻഷോട്ട് എടുക്കാതിരിക്കാൻ സ്വാമിയുടെ അടുപ്പക്കാർ അവരുടെ ഫോൺ ഇടയ്‌ക്കിടെ വാങ്ങി പരിശോധിച്ചിരുന്നു. 50ലേറെ വിദ്യാർഥിനികളുടെ ഫോണുകൾ പോലീസ് ഫൊറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രാത്രികളിൽ ചൈതന്യാനന്ദയുടെ താമസ സ്‌ഥലത്തേക്ക് പോകാൻ പാവപ്പെട്ട പെൺകുട്ടികൾക്കുമേൽ വനിതാ ജീവനക്കാർ ഉൾപ്പടെ സമ്മർദ്ദം ചെലുത്തിയതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































