മുംബൈ : രാജ്യത്താദ്യമായ് ഓണ്‍ലൈന്‍ തയ്‌ക്വോണ്ടോ ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് ഇന്ത്യന്‍ തയ്‌ക്വോണ്ടോ. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 4 വരെയാകും ഓണ്‍ലൈന്‍ വഴിയുള്ള പൂംസെയ് തയ്‌ക്വോണ്ടോ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. പ്രതിരോധരീതികളും അക്രമണരീതികളും സമന്വയിപ്പിച്ചുള്ള നീക്കങ്ങളാണ് പൂംസെയ് തയ്‌ക്വോണ്ടോയുടെ സവിശേഷത.
കളര്‍ ബെല്‍റ്റ്, ബ്ലാക്ക് ബെല്‍റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്. കളര്‍ ബെല്‍റ്റ് അടിസ്ഥാനത്തില്‍ 3 വിഭാഗങ്ങളിലും ബ്ലാക്ക് ബെല്‍റ്റിന്റെ കീഴില്‍ 8 വിഭാഗങ്ങളിലും മത്സരം നടത്തും. വ്യക്തിഗത കഴിവുകളെ മാനദണ്ഡമാക്കിയാവും വിജയികളെ പ്രഖ്യാപിക്കുക.
കോവിഡ് സാഹചര്യങ്ങള്‍ മൂലം ദീര്‍ഘകാലമായ് തയ്‌ക്വോണ്ടോ മത്സരങ്ങളില്‍ പങ്കെടുക്കാനാവാത്തവര്‍ക്ക്, ടൂര്‍ണമെന്റ് പ്രചോദനമായിരിക്കുമെന്ന് ഇന്ത്യന്‍ തയ്‌ക്വോണ്ടോ പ്രസിഡന്റ് നാംദേവ് ശിര്‍ഗാവോങ്കര്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയായത് കൊണ്ട് കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും കൃത്യമായി പാലിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍, നിശ്ചിത സമയത്തിനുള്ളില്‍ പൂംസെയ് അവതരിപ്പിക്കുന്ന ഒരു വീഡിയോ സമര്‍പ്പിക്കണം. ലോക തയ്‌ക്വോണ്ടോയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.



































