ന്യൂഡെൽഹി: 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ കൊച്ചി സന്ദർശിച്ചിരുന്നുവെന്ന് റിപ്പോർട്. മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് റാണയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിലാണ് റാണ.
കസ്‌റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘം ഡെൽഹിയിൽ എത്തിയത്. മുംബൈയും ഡെൽഹിയും കേരളവും സന്ദർശിച്ചെന്നും കേരളത്തിലെത്തിയത് പരിചയക്കാരെ കാണാനായിരുന്നുവെന്നുമാണ് റാണ മൊഴി നൽകിയത്. വിവിധ സ്‌ഥലങ്ങളിൽ സന്ദർശിച്ചവരുടെ വിലാസം ക്രൈം ബ്രാഞ്ചിന് കൈമാറി. കൂടുതൽ അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിൽ എത്തിയേക്കും.
അതിനിടെ, തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതാണ് പഹൽഗാം ഭീകരാക്രമണത്തിന് കാരണമായതെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. റാണയെ ഇന്ത്യയിലെത്തിച്ചതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്ന് സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യവും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നുണ്ട്.
ഡേവിഡ് കോൾമാൻ, ഹെഡ്‌ലി, ലഷ്‌കറെ ത്വയിബ, പാക്കിസ്‌ഥാൻ സൈനിക ഉദ്യോഗസ്‌ഥർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്‌തിയായിരുന്നു തഹാവൂർ റാണ. അതേസമയം, റാണയെ ചോദ്യം ചെയ്യാനായി പാർപ്പിച്ചിരിക്കുന്ന എൻഐഎ ആസ്‌ഥാനത്തിന്റെ സുരക്ഷ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ വർധിപ്പിച്ചിട്ടുണ്ട്.
ഈ മാസം പത്തിനാണ് പാക്കിസ്‌ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. കടൽ വഴി ബോട്ടിലെത്തിയ 10 ലഷ്‌കർ ഭീകരർ 2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്‌റ്റേഷൻ, താജ്– ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങി 8 സ്‌ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെട്ടിരുന്നു.
Most Read| ‘ജലം നൽകിയില്ലെങ്കിൽ യുദ്ധം’; ആണവായുധ ഭീഷണിയുമായി പാക്കിസ്‌ഥാൻ