ന്യൂഡെൽഹി: പതിനേഴ് വർഷത്തെ നയതന്ത്ര നീക്കത്തിനു ശേഷം ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് മുഖ്യപ്രതി തഹാവൂർ റാണയ്‌ക്ക് ജയിലിൽ പേപ്പറും, ഖുറാനും, പേനയും അനുവദിച്ചു. സെല്ലിൽ അഞ്ച് നേരം നമസ്‌കരിക്കുന്ന റാണ, പേന കൊണ്ട് സ്വയം മുറിവേൽപ്പിക്കാതിരിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അതീവ സുരക്ഷാ സെല്ലിൽ 24 മണിക്കൂറും നിരീക്ഷണത്തിലാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്.
കോടതി നിർദ്ദേശങ്ങൾ അനുസരിച്ച്, ഡെൽഹി ലീഗൽ സർവീസസ് അതോറിറ്റി നൽകുന്ന അഭിഭാഷകനെ ഒന്നിടവിട്ട ദിവസങ്ങളിൽ കാണാൻ റാണയ്‌ക്ക് അനുവാദമുണ്ട്. കൂടാതെ ഓരോ 48 മണിക്കൂറിലും മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയനാക്കും. അന്വേഷണ ഏജൻസിക്ക് 18 ദിവസത്തെ കസ്‌റ്റഡി അനുവദിച്ചതിനെ തുടർന്ന് വെള്ളിയാഴ്‌ച രാവിലെയാണ് റാണയെ എൻഐഎ ആസ്‌ഥാനത്തേക്ക് മാറ്റിയത്.
അതിനിടെ കേസിലെ അജ്‌ജാതനായ സാക്ഷിയെ അതീവരഹസ്യമായി എൻഐഎ ഡൽഹിയിൽ എത്തിച്ചതായി റിപ്പോർട്ട് ഉണ്ട്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെയും റാണയുടെയും സുഹൃത്താണ് ഈ സാക്ഷിയെന്നാണ് വിവരം. കോടതി രേഖകളിൽ പോലും ഇല്ലാത്ത ഈ സാക്ഷിയെ തീവ്രവാദ സംഘടനകൾ അപകടപ്പെടുത്തിയേക്കാം എന്ന നിഗമനത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.
അതേസമയം, മുംബൈ ഭീകരാക്രമണത്തിനു മുമ്പ് തഹാവുര്‍ റാണ ദുബായില്‍ കണ്ടുമുട്ടിയ ദുരൂഹവ്യക്‌തിയെസംബന്ധിച്ച് എൻഐഎ അന്വേഷണമാരംഭിച്ചു. ഉടന്‍ ഒരു ഭീകരാക്രമണം നടക്കുമെന്നും അതിനാല്‍ ഇന്ത്യയിലേക്കു യാത്ര ചെയ്യരുതെന്നും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന ദാവൂദ് ഗിലാനി 2008ല്‍ റാണയ്‌ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നതായി എന്‍ഐഎ വൃത്തങ്ങള്‍ വ്യക്‌തമാക്കി. ഹെഡ്‌ലിയാണ് ഭീകരാക്രമണ ഗൂഢാലോചയില്‍ പങ്കുള്ള ദുരൂഹവ്യക്‌തിയുമായി ദുബായില്‍ റാണയ്‌ക്ക് കൂടിക്കാഴ്‌ച ഒരുക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
FOOD | ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് പട്ടികയിൽ മലബാർ പൊറോട്ടയും!