ന്യൂഡെൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറി. തഹാവുർ റാണയുമായി ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ രാവിലെയോടെ രാജ്യത്തെത്തും. തഹാവുർ റാണയെ ഇന്ത്യൻ സംഘത്തിന് കൈമാറിയെന്ന് യുഎസ് അറിയിച്ചു.
ഇന്ത്യക്ക് കൈമാറുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹരജി യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഇന്ത്യ നടപടികൾ വേഗത്തിലാക്കിയത്. ഇന്ത്യയുടെ കസ്‌റ്റഡിയിലായ തഹാവുർ റാണയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് കോടതി നേരത്തെ ഉത്തരവിട്ട പശ്‌ചാത്തലത്തിൽ രക്ഷപ്പെടാനുള്ള അവസാന വഴിയെന്ന നിലയിലായിരുന്നു റാണ അപേക്ഷ നൽകിയത്.
ഏറെ കാലമായി റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്‌ഥാൻ വംശജനാണ് തഹാവുർ റാണ. 64-കാരനായ ഇയാൾ നിലവിൽ ലോസാഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ കഴിയുകയാണ്. 2008 നവംബർ 26നാണ് പാക് ഭീകര സംഘടന ലഷ്‌കർ-ഇ-തൊയിബയുടെ പരിശീലനം ലഭിച്ച പത്ത് തീവ്രവാദികൾ മുംബൈയെ ചോരക്കളമാക്കിയത്.
6 യുഎസ് പൗരൻമാർ ഉൾപ്പടെ 166 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അന്ന് മുതൽ ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയാണ് തഹാവുർ ഹുസൈൻ റാണ. പാക് ഭീകര സംഘടനകൾക്ക് വേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമനടപടി നേരിടുന്നത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ