കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. വിമാനത്താവളം തിരിച്ചുപിടിക്കാൻ യുഎസ് ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
താലിബാൻ വഴങ്ങിയില്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, യുദ്ധത്തിന് യുഎസിനെ സഹായിച്ചാൽ കടുത്ത തിരിച്ചടിയാകും പാക്കിസ്‌ഥാന് നൽകുകയെന്നും താലിബാൻ ഭീഷണി മുഴക്കി.
സാധനസാമഗ്രികൾ നൽകിയോ നയതന്ത്രപരമായോ സൈനികപരമായോ ഏതെങ്കിലും തരത്തിൽ യുഎസിനെ പാക്കിസ്‌ഥാൻ സഹായിച്ചാൽ അഫ്‌ഗാനിസ്‌ഥാൻ പാക്കിസ്‌ഥാനെ ശത്രുരാജ്യമായി കണക്കാക്കുമെന്നും താലിബാൻ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
തന്ത്രപ്രധാനമായ ബഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമിച്ചാൽ യുദ്ധം ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിക്കൊണ്ട് അഫ്‌ഗാൻ താലിബാൻ മേഖലയിൽ സംഘർഷം വർധിപ്പിച്ചിട്ടുണ്ട്. കാണ്ഡഹാറിൽ നടന്ന ഉന്നതതല നേതൃയോഗത്തിൽ, വാഷിങ്ങ്ടണുമായുള്ള ഏതൊരു സഹകരണവും ഇസ്‌ലാമാബാദിനെ താലിബാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പറഞ്ഞുകൊണ്ട് ഗ്രൂപ്പ് പാക്കിസ്‌ഥാന് കർശനമായ മുന്നറിയിപ്പ് നൽകി.
അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ധസാദ വിളിച്ചുചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനം. യോഗത്തിൽ കാബിനറ്റ് അംഗങ്ങൾ, ഇന്റലിജൻസ് മേധാവികൾ, സൈനിക കമാൻഡർമാർ, കൗൺസിൽ ഓഫ് ഉലമ എന്നിവരും പങ്കെടുത്തു.
Most Read| കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ








































