ചെന്നൈ: ജലപ്രശ്‌നത്തിന്റെ കാര്യത്തിൽ കേരള, കർണാടക സംസ്‌ഥാനങ്ങളുമായി വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന് ആവർത്തിച്ച് തമിഴ്‌നാട്. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനെ തടയുന്നത് കേരള സർക്കാർ തുടരുകയാണെന്നും 2021ൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട് അത് റദ്ദാക്കുകയായിരുന്നെന്നും തമിഴ്‌നാട് സർക്കാർ ആരോപിച്ചു.
തമിഴ്‌നാട് ജലവിഭവവകുപ്പ് നിയമസഭയിൽ സമർപ്പിച്ച രേഖയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടെങ്കിലും കേരളത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ലെന്നും പുതിയ ഡാം നിർദ്ദേശത്തെ എതിർക്കുമെന്നും തമിഴ്‌നാടിന്റെയും കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്‌ഥാനം പ്രതിജ്‌ഞാബദ്ധമാണെന്നും രേഖയിലുണ്ട്.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം മുല്ലപ്പെരിയാറിന്റെ പൂർണസംഭരണ ശേഷിയായ 152 അടിയിലേക്ക് ജലനിരപ്പ് ഉയർത്തുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. കേരളത്തിന്റെ അതിർത്തികളോട് ചേർന്നുള്ള വിവിധ നദീജല സംയോജന പദ്ധതികളുടെ കാര്യത്തിലും മുന്നോട്ട് പോകാനാണ് തമിഴ്‌നാടിന്റെ തീരുമാനം.
അയൽ സംസ്‌ഥാനങ്ങളുമായുള്ള നദീജല പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകാത്തതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനും സഭയിൽ പറഞ്ഞു. ”എന്നാൽ, ഇക്കാര്യത്തിൽ എടുത്തുചാടി ഒന്നും ചെയ്യില്ല. അയൽ സംസ്‌ഥാനങ്ങളിൽ താമസിക്കുന്ന തമിഴ്‌നാട്ടുകാരുടെ സുരക്ഷ പ്രധാനമാണ്. തമിഴ്‌നാടിന്റെ അനുമതിയില്ലാതെ ഒരു കൊമ്പനും കാവേരിയിൽ അണക്കെട്ട് നിർമിക്കാൻ കഴിയില്ല- മന്ത്രി കൂട്ടിച്ചേർത്തു”. അതേസമയം, കേരളവും കർണാടകയുമായുള്ള രാഷ്‌ട്രീയ സൗഹൃദം തുടരുമെന്ന് തമിഴ്‌നാട് വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ