പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത് വിദ്യാഭ്യാസ വകുപ്പ്. മലമ്പുഴ ബിഎഎംഎം യുപി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകൻ അനിലിനെ ആണ് സസ്‌പെൻഡ് ചെയ്‌തത്. എഇഒയുടെ റിപ്പോർട്ടിൻമേലാണ് വകുപ്പിന്റെ നടപടിയുണ്ടായത്.
സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്‌ടർക്ക് ശുപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാനേജർക്കെതിരെ ശുപാർശ നൽകിയത്. സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ളാസ് ടീച്ചർ എന്നിവർക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. സംഭവത്തിൽ മൂന്ന് ദിവസത്തിനകം വിശദീകണം നൽകാൻ നിർദ്ദേശം നൽകി. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
ഡിസംബർ 18ന് സ്‌കൂൾ അധികൃതർ സംഭവം അറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിക്കുന്നതിൽ വീഴ്‌ച പറ്റി. പരാതി നൽകാനും വൈകി. ജനുവരി മൂന്നിനാണ് വിദ്യാഭ്യാസ വകുപ്പിന് സ്‌കൂൾ അധികൃതർ പരാതി നൽകുന്നത്.
നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് സ്‌കൂളിന് വീഴ്‌ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് എഇഒ റിപ്പോർട്. അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ രാജി എഴുതി വാങ്ങുകയാണ് ഉണ്ടായതെന്നും രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തിൽ പ്രശ്‌നമായെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദ്യാർഥി സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലിൽ ആണ് നവംബർ 29ന് നടന്ന ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. സ്‌കൂൾ അധികൃതർ വിഷയം ഒതുക്കി തീർത്തെങ്കിലും സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരത പുറത്തുവന്നതും പ്രതി പിടിയിലായതും.
കലോൽസവത്തിൽ മികച്ച വിജയം നേടിയതിന് സമ്മാനം തരാമെന്ന് പറഞ്ഞാണ് നവംബർ 29ന് ആൺകുട്ടിയെ അധ്യാപകൻ സ്‌കൂട്ടറിൽ തന്റെ വാടക വീട്ടിലെത്തിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചത്. മലമ്പുഴ പോലീസാണ് പ്രതിയെ പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്‌തത്. ഇയാൾ നിലവിൽ റിമാൻഡിലാണ്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി






































