ന്യൂഡെൽഹി: ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് നാട്ടിൽ ആവേശോജ്വലമായ സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരാണ് ഡെൽഹി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയത്. എഐസി 24 ചാർട്ടേർഡ് വിമാനത്താവളത്തിലാണ് ലോക ചാമ്പ്യൻമാർ എത്തിയത്.
ടീമിന് കനത്ത സുരക്ഷയൊരുക്കാൻ സിആർപിഎഫ് ഉദ്യോഗസ്‌ഥരും സ്‌ഥലത്ത് ഉണ്ട്. ടീമിനെ ഹോട്ടലിലേക്ക് കൊണ്ടുപോകാൻ രണ്ടു ബസുകളാണ് ഒരുക്കിയത്. ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ടീം പോകുന്നത്. രാവിലെ 6.57ഓടെയാണ് താരങ്ങൾ വിമാനത്താളത്തിന് പുറത്തെത്തി ബസുകളിലേക്ക് കയറിയത്. വിരാട് കോലിയാണ് ആദ്യം പുറത്തെത്തിയത്. ആരാധകർ ടീമിനായി ആവേശത്തിൽ മുദ്രാവാക്യം വിളിച്ചു.
നിർണായക ക്യാച്ച് എടുത്ത സൂര്യകുമാർ യാദവ് പുറത്തെത്തിയപ്പോഴും വലിയ രീതിയിൽ കരഘോഷം മുഴങ്ങി. ടീം അംഗങ്ങൾക്ക് രാവിലെ 11ന് പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണം നൽകും. ഇതിന് ശേഷം വൈകിട്ടോടെ ടീം മുംബൈയിൽ എത്തും. വൈകിട്ട് അഞ്ചിന് മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്ന് വാങ്കഡെ സ്‌റ്റേഡിയം വരെ തുറന്ന ബസിൽ ടീം ലോകകപ്പ് ട്രോഫിയുമായി പര്യടനം നടത്തും.
പിന്നാലെ, രാത്രി ഏഴിന് സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ടീം അംഗങ്ങൾക്കായുള്ള സമ്മാനത്തുക കൈമാറുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ശനിയാഴ്‌ച ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ഞായറാഴ്‌ച തന്നെ ബാർബഡോസ് വിടാനിരുന്നതാണ്. എന്നാൽ കാലാവസ്‌ഥ മോശമായതോടെ യാത്ര മുടങ്ങുകയായിരുന്നു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ബാർബഡോസിലെ വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു.
Most Read| ഇറാനിലേക്ക് അവയവക്കടത്ത്; കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു