ഹൈദരാബാദ്: തെലങ്കാനയിൽ കെമിക്കൽ ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളികളായ പത്തുപേർ മരിച്ചു. 26 തൊഴിലാളികൾക്ക് പരിക്കേറ്റു. സങ്കറെഡ്‌ഡി ജില്ലയിലെ പസമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഫാക്‌ടറിക്കുള്ളിലെ റിയാക്‌ടർ പൊട്ടിത്തെറിച്ചാണ് അപകടം.
തിങ്കളാഴ്‌ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. കെട്ടിടം പൂർണമായും അഗ്‌നിക്കിരയായതായാണ് വിവരം. സമീപത്തെ മറ്റുചില കെട്ടിടങ്ങളിലേക്കും തീ പടർന്നു. 11ഓളം ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
പൊട്ടിത്തെറി ഉണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ 150ഓളം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്. ഇതിൽ 90 പേരോളം പൊട്ടിത്തെറിയുണ്ടായ സ്‌ഥലത്തിനടുത്തായി ജോലി ചെയ്യുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അന്യ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരിലേറെയും.
Most Read| ശുഭാംശു കൊണ്ടുപോയ ‘ഉമ’ നെൽവിത്ത്; മലയാളികളുടെ അഭിമാനമായി ദേവിക