പഹൽഗാമിൽ ഭീകരാക്രമണം; ഇരുപതിലേറെപ്പേർ കൊല്ലപ്പെട്ടതായി വിവരം, അമിത് ഷാ ശ്രീനഗറിലേക്ക്

പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.

By Senior Reporter, Malabar News
terrorist attack_jammu kashmir
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ഭീകരാക്രമണം. പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഇതുവരെ ഇരുപതിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മരണസംഖ്യ ഉയരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.

രാജസ്‌ഥാനിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ ട്രക്കിങ്ങിനായി മേഖലയിലേക്ക് പോയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവ സ്‌ഥലത്തേക്ക്‌ കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികൾ പതിവായെത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു.

ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്‌ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി എഎൻഐ റിപ്പോർട് ചെയ്‌തു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ ത്വയിബ അനുകൂല സംഘടനയായ ദ് റെസിസ്‌റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.

”ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ തിരിച്ചടി നൽകും. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി. എല്ലാ ഏജൻസികളുമായും അടിയന്തിര സുരക്ഷാ അവലോകന യോഗം നടത്താൻ ഉടൻ ഞാൻ ശ്രീനഗറിലേക്ക് പോകും”- അമിത് ഷാ അറിയിച്ചു.

അജ്‌ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് അടുത്തുവന്ന് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതർ മേഖലയിലേക്ക് ഹെലികോപ്‌ടർ അയച്ചിട്ടുണ്ട്.

അതേസമയം, ആക്രമണം നടത്തിയത് ചില പാകിസ്‌ഥാൻ ഭീകരരാണെന്ന് ബിജെപി നേതാവ് രവീന്ദർ റെയ്‌ന പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയും രംഗത്തെത്തി. കഴിഞ്ഞവർഷം ജമ്മു കശ്‌മീരിലെ ഗന്ധർബാൽ ജില്ലയിലെ ഗംഗാംഗീറിൽ ഭീകരവാദികൾ നടത്തിയ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഒരു ഡോക്‌ടറും ആറ് നിർമാണ തൊഴിലാളികളുമാണ് അന്ന് കൊല്ലപ്പെട്ടത്.

Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE