ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. 15 കുട്ടികൾ ഉൾപ്പടെ 43 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതർ അറിയിച്ചു.
വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ കാണാതായി. ഇവരിൽ മിക്കവരും 12 വയസിന് താഴെ പ്രായമുള്ളവരാണ്. ചെളിയിൽ മുങ്ങിയ നിലയിലാണ് ക്യാമ്പ്. ക്രൈസ്‌തവ വിശ്വാസികളായ പെൺകുട്ടികൾക്ക് വേണ്ടി 1926 മുതൽ നടക്കുന്ന മിസ്‌റ്റിക് വേനൽക്കാല ക്യാമ്പിലെ കുട്ടികളെയാണ് കാണാതായത്. നദീതീരത്ത് ഇവർക്ക് താമസിക്കാൻ സജ്‌ജമാക്കിയ ക്യാമ്പിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി.
പ്രളയത്തിൽപ്പെട്ട 850 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും മിന്നൽ പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. പ്രാദേശിക അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തിരച്ചിലിന് കോസ്‌റ്റ് ഗാർഡിനെ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച പുലർച്ചെയുണ്ടായ പേമാരിയിൽ ഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് രണ്ടുമണിക്കൂർ കൊണ്ട് 6.7 മീറ്റർ വരെ കുതിച്ചുയർന്നതാണ് മിന്നൽ പ്രളയത്തിന് കാരണമായത്.
മനോഹരമായ കുന്നുകളും നദികളും തടാകങ്ങളും ചേർന്ന് പ്രകൃതിരമണീയമായ സ്‌ഥലമാണ് ടെക്‌സസ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണിത്. ഗ്വാഡലൂപ്പ് നദിയിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ക്രമാതീതമായ നിലയിൽ ജലനിരപ്പ് ഉയരുന്നത് ആദ്യമായാണ്. പ്രദേശത്ത് മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെവെന്ന് പ്രാദേശിക ഭരണകൂടം വ്യക്‌തമാക്കി.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!