കോഴിക്കോട്: തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടായ താമരശ്ശേരി ചുരത്തിൽ പരിശോധന നടത്തി കോഴിക്കോട് കലക്‌ടർ സ്‌നേഹിൽ കുമാർ സിങ്. പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്‌ഥർക്കൊപ്പമാണ് കലക്‌ടർ എത്തിയത്. പിഡബ്‌ളുഡി, ജിയോളജി വകുപ്പ് ഉൾപ്പടെ കഴിഞ്ഞദിവസം സ്‌ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും കലക്‌ടർ അറിയിച്ചു.
ഭാരം കൂടിയ വാഹനങ്ങളും ബസുകളും ഇപ്പോൾ ചുരം വഴി കടത്തിവിടുന്നില്ല. സോയിൽ സർവേയും ജിയോളജി വിഭാഗത്തിന്റെ പരിശോധനയും നടത്തിയ ശേഷം ഉച്ചകഴിഞ്ഞ് മറ്റ് വാഹനങ്ങൾ കടത്തിവിടുന്ന കാര്യം പരിശോധിക്കുമെന്നും കലക്‌ടർ വ്യക്‌തമാക്കി.
നിലവിൽ ചുരം റോഡുവഴി ചെറു വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടാനാണ് തീരുമാനം. ബസും ലോറിയും ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടില്ല. കോഴിക്കോട് കലക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
ഇന്നലെയും വ്യൂപോയിന്റിന് സമീപം മണ്ണിടിഞ്ഞിരുന്നു. തുടർന്ന്, ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് കോഴിക്കോട്, വയനാട് കലക്‌ടർമാർ ഉത്തരവിട്ടു. എന്നാൽ, രാത്രി ചേർന്ന യോഗത്തിന് ശേഷമാണ് കോഴിക്കോട് കലക്‌ടർ നിയന്ത്രണം ഭാഗികമായി പിൻവലിച്ചത്. നേരത്തെ, റവന്യൂ മന്ത്രി കെ. രാജൻ കോഴിക്കോട്, വയനാട് കലക്‌ടർമാരുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും യോഗം വിളിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി