തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ (25) കൊലപ്പെടുത്തിയെന്ന കേസിൽ കൊല്ലം സ്വദേശി പ്രവീണിനെയാണ് കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി സിജു ഷെയ്‌ക്കാണ് വിധി പറഞ്ഞത്. 2022 മാർച്ച് അഞ്ചിനായിരുന്നു കേസിനാസ്‌പദമായ സംഭവം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീൺ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021ൽ ഇയാൾ ഗായത്രിയെ വിവാഹം കഴിച്ചു. 2022 മാർച്ച് അഞ്ചിന് തമ്പാനൂർ അരിസ്‌റ്റോ ജങ്ഷന് സമീപമുള്ള ഹോട്ടലിൽ മുറി വാടകയ്‌ക്ക് എടുത്ത് ഗായത്രിയെ അവിടേക്ക് കൊണ്ടുവന്നു.
വൈകീട്ട് അഞ്ചുമണിയോടെ മുറിക്കുള്ളിൽ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ ചുറ്റി വരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പൂർണമായും സാഹചര്യ തെളിവുകളുടെയും ശാസ്‌ത്രീയ തെളിവുകളുടെയും അടിസ്‌ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് പ്രവീണിന്റെ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. കൃത്യത്തിന് പിന്നാലെ ഒളിവിൽപ്പോയ പ്രവീൺ പിറ്റേ ദിവസം പോലീസിൽ കീഴടങ്ങുകയായിരുന്നു. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഇരുവരും.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!